വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചവര്‍ക്കും മുടങ്ങാതെ പെന്‍ഷന്‍; സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ വന്‍ ക്രമക്കേടെന്ന് ആക്ഷേപം

0 1,029

പാലക്കാട് മേലാര്‍ക്കോട് പഞ്ചായത്തില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ വന്‍ ക്രമക്കേടെന്ന് ആരോപണം. മരിച്ചുപോയവരുടെ പേരില്‍ പെന്‍ഷന്‍ തട്ടിപ്പ് നടന്നാതായാണ് പരാതി. വിഷയത്തില്‍ എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫും ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തി.

മേലാര്‍ക്കോട് പഞ്ചായത്തില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തില്‍ നടത്തിയ പരിശോധനയിലാണ് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ ക്രമക്കേട് കണ്ടെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചവര്‍ക്കുമുതല്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മരിച്ചവര്‍ക്ക് വരെ പെന്‍ഷന്‍ മുടങ്ങാതെ നല്‍കുന്നുണ്ടെന്ന് തെളിയിക്കുന്നതാണ് പഞ്ചായത്തിലെ രേഖകള്‍. 2019ല്‍ മരിച്ച അഞ്ചുപേര്‍ ഇപ്പോഴും പെന്‍ഷന്‍ സ്വീകരിക്കുന്നവരുടെ പട്ടികയിലുണ്ട്.

ഗ്രാമപഞ്ചായത്തില്‍ പെന്‍ഷന്‍ വാങ്ങുന്ന 4689 ഗുണഭോക്താക്കളില്‍ മരിച്ച 40 ഗുണഭോക്താക്കളുടെ ആധാര്‍ നമ്പരുപയോഗിച്ച് നടത്തിയ പരിശോധനയിലാണ് 25ലധികം പേര്‍ക്ക് മരിച്ചതിന് ശേഷവും പെന്‍ഷന്‍ നല്‍കിയത് കണ്ടെത്തിയത്. പലരുടെയും മരണം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുപോലും പെന്‍ഷന്‍ വിതരണം ചെയ്തതായി ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പെന്‍ഷന്‍ ബാങ്ക് അക്കൗണ്ടിലൂടെ വിതരണം ചെയ്തതിലും ഗുണഭോക്താക്കള്‍ക്ക് നേരിട്ടെത്തിച്ചതിലുമെല്ലാം ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിന് ഭരണസമിതിയുടെ ഒത്താശയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ആരോപണം. പെന്‍ഷന്‍ ഡേറ്റാ ബേസ് പരിശോധന നടത്തി അനര്‍ഹരെ ഒഴിവാക്കണമെന്നും സര്‍ക്കാരിനുണ്ടായ നഷ്ടം തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് ഓഡിറ്റ് ഓഫിസര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.