പുല്‍പ്പള്ളി: ബസ് സ്റ്റാന്റ് നവീകരണത്തിന് പഞ്ചായത്ത് ബജറ്റില്‍ 6 കോടി രൂപ വകയിരുത്തിയതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളില്‍ നിന്നുയരുന്ന വിമര്‍ശനം അടിസ്ഥാനരഹിതമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍. പഞ്ചായത്തിന് ദേവസ്വം പാട്ടത്തിനു തരുന്ന 73 സെന്റ് സ്ഥലം ബസ്റ്റാന്റ് യാര്‍ഡ്, കംഫര്‍ട്ട് സ്റ്റേഷന്‍ എന്നിവയ്ക്ക് മാത്രമായി ഉപയോഗിക്കണമെന്നാണ് കരാര്‍. ഈ സ്ഥലത്തിന്റെ മൂന്നു ഭാഗങ്ങളിലും വ്യാപാര സമുച്ചയം നിര്‍മ്മിക്കാനും ഉപയോഗിക്കാനുമുള്ള പൂര്‍ണ അവകാശം ദേവസ്വത്തിനു മാത്രമാണ്.
അതില്‍ നിന്നുള്ള വരുമാനവും ദേവസ്വത്തിനാണ്. ഇപ്പോഴുള്ള ബസ്റ്റാന്റിന് അരികിലുള്ള കാലപഴക്കമുള്ള കെട്ടിടം പൊളിച്ച് അവിടെയാണ് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. വസ്തുതകള്‍ ഇതായിരിക്കെ ബജറ്റ് നിര്‍ദ്ദേശത്തെ തെറ്റായി വ്യാഖ്യാനിച്ച് പൊതു സമൂഹത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കങ്ങള്‍ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ പൊതു വികസനത്തിന് പാട്ട വ്യവസ്ഥയില്‍ ഭൂമി അനുവദിച്ച ദേവസ്വം ഭരണ അധികാരികളെയും പഞ്ചായത്തിനെയും സംശയ നിഴലില്‍ നിര്‍ത്തി നാടിന്റെ വികസനം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഒഴിവാക്കേണ്ടതാണ്. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാനുള്ള ശ്രമങ്ങള്‍ പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്. ബസ്റ്റാന്റിലേക്കുള്ള റോഡുകള്‍, ട്രെയിനേജ് എന്നിവയടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ പെടും. അനാവശ്യ വിവാദങ്ങളുണ്ടാക്കി ബസ്റ്റാന്റ് നവീകരണത്തെ തടസ്സപ്പെടുത്താതെ ഈ ഉദ്യമത്തോട് എല്ലാവരും സഹകരിക്കണമെന്ന് ടി.എസ്. ദിലീപ് കുമാര്‍ പറഞ്ഞു.