കളക്ഷനില്‍ ‘ഡ്രൈവിംഗ് ലൈസന്‍സി’ലും താഴെ; അക്ഷയ് കുമാറിന്‍റെ ‘സെല്‍ഫി’ നേടിയ ലൈഫ് ടൈം കളക്ഷന്‍

0 619

‘റീമേക്ക് വുഡ്’ എന്ന് ബോളിവുഡിന് ഒരു ചീത്തപ്പേര് ലഭിച്ചിട്ട് കുറച്ച് നാളുകളായി. തങ്ങളുടെ പ്രേക്ഷകരുടെ അഭിരുചി തിരിച്ചറിഞ്ഞ് അവിടുത്തെ കഥകള്‍ പറയുന്നതിന് പകരം മറ്റു ഭാഷകളില്‍ നിന്ന്, വിശേഷിച്ചും തെന്നിന്ത്യന്‍ വിജയ ചിത്രങ്ങളുടെ റീമേക്ക് റൈറ്റ് വാങ്ങി ചിത്രങ്ങള്‍ തുടര്‍ച്ചയായി നിര്‍മ്മിച്ചതോടെയാണ് ഈ പേര് വീണത്. ബോളിവുഡ് മുന്‍നിര താരം അക്ഷയ് കുമാര്‍ മാത്രം സമീപകാലത്ത് അഭിനയിച്ച 10 ചിത്രങ്ങളില്‍ നാലും തെന്നിന്ത്യന്‍ വിജയ ചിത്രങ്ങളുടെ റീമേക്കുകള്‍ ആയിരുന്നു. പ്രേക്ഷകരെ രസിപ്പിക്കുന്നതില്‍ ആ ചിത്രങ്ങളൊക്കെയും പരാജയപ്പെട്ടു. അക്കൂട്ടത്തില്‍ അവസാനമെത്തിയ ചിത്രം സെല്‍ഫിയുടെ ബോക്സ് ഓഫീസ് കളക്ഷന്‍ മലയാളി സിനിമാപ്രേമികള്‍ക്കും താല്‍പര്യമുള്ള കാര്യമായിരിക്കും.

സച്ചിയുടെ തിരക്കഥയില്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത്, പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2019 ല്‍ പുറത്തെത്തിയ മലയാള ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണ് സെല്‍ഫി. ഫെബ്രുവരി 24 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ നെഗറ്റീവ് മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. ഫലം ബോക്സ് ഓഫീസില്‍ മൂക്കുംകുത്തി വീണു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ലൈഫ് ടൈം ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തുവരുമ്പോള്‍ മലയാളം ഒറിജിനല്‍ ഡ്രൈവിംഗ് ലൈസന്‍സിനോളം പോലും അത് എത്തിയിട്ടില്ല എന്നത് പരാജയത്തിന്‍റെ ആഴം ചൂണ്ടിക്കാണിക്കുന്നുണ്ട്

ഡ്രൈവിംഗ് ലൈസന്‍സിന്‍റെ ലൈഫ് ടൈം കളക്ഷന്‍ പുറത്തെത്തിയിരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 22 കോടിക്ക് മുകളിലാണ്. എന്നാല്‍ സെല്‍ഫിക്ക് ഇതുവരെ നേടാനായിരിക്കുന്നത് 16.85 കോടി മാത്രമാണ്. ബോളിവുഡ് ഹംഗാമയുടെ കണക്കാണ് ഇത്. മലയാളത്തെ അപേക്ഷിച്ച് വന്‍ മാര്‍ക്കറ്റ് മുന്നിലുള്ള ബോളിവുഡിലെ ഒരു അക്ഷയ് കുമാര്‍ ചിത്രത്തെ സംബന്ധിച്ച് വന്‍ പരാജയമാണ് ഇത്.