അമ്പലമുക്ക് കൊലപാതകത്തിൽ പ്രതി രാജേന്ദ്രനുമായി തമിഴ്നാട്ടിൽ തെളിവെടുപ്പ്. രാജേന്ദ്രൻ ഒളിവിൽ കഴിഞ്ഞിരുന്ന തിരുനൽവേലി കാവൽ കിണറിലാണ് തെളിവെടുപ്പ് നടക്കുന്നത്. പൊലീസ് പ്രതിയെയുമായി കാവൽ കിണറിൽ എത്തിയിട്ടുണ്ട്. 17ഓളം വരുന്ന അന്വേഷണ സംഘമാണ് പ്രതിയോടൊപ്പം എത്തിയിട്ടുള്ളത്.
വിനീതയെ കൊലപ്പെടുത്തുമ്പോൾ പ്രതി രാജേന്ദ്രൻ ധരിച്ചിരുന്ന ഷർട്ട് കണ്ടെത്തിയിരുന്നു. മുട്ടടയിലെ ആലത്തറ കുളത്തിൽ നിന്നാണ് പ്രതി ഉപയോഗിച്ച ഷർട്ട് കണ്ടെത്തിയത്.
വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി മുട്ടടയിലേക്കാണ് വന്നത്. ഈ മാസം ആറിന് ഞായറാഴ്ച്ചയായിരുന്നു കൊലപാതകം നടന്നത്. പരിസരത്ത് ആരുമുണ്ടായിരുന്നില്ല. രക്തകറ പുരണ്ട ഷർട്ട് കുളത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം മറ്റൊരു ടീ ഷർട്ട് ധരിച്ചാണ് ഓട്ടോയിൽ കയറി പോയത്. ഷർട്ടും കത്തിയും നഗരസഭയുടെ കീഴിലുള്ള കുളത്തിലേക്ക് വലിച്ചെറിഞ്ഞുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫയർഫോഴ്സും പൊലീസ് എത്തിച്ച മുങ്ങൽ വിദഗ്ധനും കുളത്തിലിറങ്ങിയത്. ഷർട്ടിൽ രക്തകറയുണ്ട്. അതേസമയം ഷർട്ട് കണ്ടെത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല.
കത്തി കണ്ടെത്താൻ ഇനിയും തെളിവെടുപ്പ് തുടരും. ഓട്ടോയിൽ രക്ഷപ്പെടുന്നതിനിടെ കത്തി വലിച്ചെറിഞ്ഞുവെന്നാണ് രാജേന്ദ്രൻ ഇപ്പോൾ പറയുന്നത്. കൊടും ക്രിമിനലായ രാജേന്ദ്രൻ പൊലീസിനെ കുഴയ്ക്കുന്ന രീതിയിലാണ് മൊഴികൾ നൽകുന്നത്. കുളത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് രാജേന്ദ്രനെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. ഉള്ളൂരിലെ സിസിടിവി ദൃശ്യങ്ങളിൽ ടീ ഷർട്ട് ധരിച്ച രാജേന്ദ്രൻ ഒരു സ്കൂട്ടറിന് പിന്നിൽ പോകുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസിന് തൊണ്ടി മുതൽ ഇടക്കെവിടെയോ ഇയാൾ ഉപേക്ഷിച്ചുവെന്ന് സംശയം തോന്നിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് തൊണ്ടിമുതൽ ഉപേക്ഷിച്ച കാര്യം രാജേന്ദ്രൻ സമ്മതിച്ചത്.
അതേസമയം തെളിവെടുപ്പിനിടെ രാജേന്ദ്രനെ നാട്ടുകാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രതിയെ വാഹനത്തിൽ കയറ്റി കൊണ്ടുപോയത്. വിനീതയുടെ മൃതദേഹത്തിൽ നിന്നും മോഷ്ടിച്ച മാല തമിഴ്നാട് അഞ്ചുഗ്രാമത്തിലെ സ്ഥാപനത്തിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. മാല പണയം വച്ചുകിട്ടിയ പണത്തിൽ നിന്നും 36,000 രൂപ ബിറ്റ് കോയിനിൽ നിക്ഷേപിക്കുകയും ചെയ്തു. രാജേന്ദ്രന് മറ്റ് കൊലപാതകങ്ങളിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.