ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം

0 202

 

കണ്ണൂർ: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. ശ്രീകണ്ഠപുരം എള്ളരിഞ്ഞി പാരാട്ടുക്കുന്നിൽ രജീഷിന്റെ ഭാര്യ പ്രവീണ(30)യാണ് ആംബുലൻസിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ബാങ്ക് ജീവനക്കാരിയായ പ്രവീണയ്ക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ ഇരിക്കൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പരിശോധനകൾക്ക് ശേഷം ഉടൻ തന്നെ പ്രവീണയെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചു. പതിനൊന്ന് മണിയോടെയാണ് തിരുവനന്തപുരം ടെക്‌നോപാർക്കിലെ 108 ആംബുലൻസ് കണ്ട്രോൾ റൂമിലേക്ക് ആംബുലൻസ് ആവശ്യപ്പെട്ട് ഡോക്ടറുടെ സന്ദേശം എത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇരിക്കൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലൻസിന് സന്ദേശം കൈമാറി. കണ്ട്രോൾ റൂമിൽ നിന്ന് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ നിഷയും, പൈലറ്റ് ധനേഷും സ്ഥലത്തെത്തി പ്രവീണയെ ആംബുലൻസിലേക്ക് മാറ്റി. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുറുമാത്തൂർ വെച്ച് 11.20ഓടെ പ്രവീണ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. പ്രസവം എടുത്തശേഷം അമ്മക്കും കുഞ്ഞിനും നിഷ പ്രഥമ ശുസ്രൂശ നൽകി. ഒപ്പമുണ്ടായിരുന്ന പ്രവീണയുടെ സഹോദരൻ ആവശ്യപ്പെട്ടത് അനുസരിച്ച് ഉടൻ തന്നെ അമ്മയെയും കുഞ്ഞിനെയും ആംബുലൻസ് പൈലറ്റ് ധനേഷ് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

 

Get real time updates directly on you device, subscribe now.