വാഷിംഗ്ടണ്‍ ഡിസി: കോവിഡ്-19 വൈറസ് വ്യാപനത്തില്‍ ഉലഞ്ഞ് യുഎസ്. രാജ്യത്തെ 24 മണിക്കൂറിനിടെ 117 പേരാണ് മരിച്ചത്. ഇതോടെ ഇതുവരെ 419 പേര് മരണത്തിന് കീഴടങ്ങി. ഒറ്റദിവസം 9,339 പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചു. 32,949 പേര് രോഗബാധിതരായി ചികില്‍സയിലാണ്. 178 പേര് മാത്രം രോഗമുക്തി നേടിയത്.
അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ആദ്യ രോഗബാധ വെസ്റ്റ് കോസ്റ്റിലുള്ള വാഷിംഗ്ടണിലായിരുന്നു. പടിഞ്ഞാറന്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ രോഗബാധയുള്ളത് ഇവിടെയാണ്. ഇതുകഴിഞ്ഞാല്‍ കലിഫോര്‍ണിയയാണ്. ഏറ്റവും കൂടുതല്‍ രോഗബാധയുള്ളത് ന്യൂയോര്‍ക്ക് സ്റ്റേറ്റിലാണ്. 27 സ്റ്റേറ്റുകളില്‍ സമൂഹ വ്യാപനം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘ഫിഫ്റ്റീന്‍ ഡെയ്സ് ടു സ്ലോ ദ സ്പ്രെഡ്’ എന്ന പ്രചാരണം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരംഭിച്ചിരുന്നു. അതില്‍ കൈകഴുകല്‍, സാനിറ്റൈസര്‍ ഉപയോഗം, ആലിംഗനം-ഹസ്തദാനം എന്നിവ ഒഴിവാക്കല്‍, കൂട്ടായ്മകള്‍ ഒഴിവാക്കല്‍ എന്നിവ ഊന്നിപ്പറയുന്നതോടൊപ്പം പത്തു പേരില്‍ കൂടുതലുള്ള കൂട്ടംകൂടല്‍ പാടില്ല എന്നും നിര്‍ദേശിച്ചിട്ടുണ്ട്.