അമേരിക്കൻ വെടിവെപ്പ്: കൊലയാളിയെന്ന് സംശയിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി

0 111

വാഷിങ്ടൺ: അമേരിക്കയിലെ ലവിസ്റ്റന്‍ വെടിവെപ്പ് കൊലയാളി എന്ന് സംശയിക്കുന്ന റോബര്‍ട്ട് കാര്‍ഡ് മരിച്ച നിലയില്‍. സ്വയം മുറിവേല്‍പ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം നടന്ന ലവിസ്റ്റണില്‍ നിന്ന് 8 മൈല്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.  എബിസി ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, വെടിയേറ്റ് മരിച്ച നിലയിൽ റോബർ കാർഡിനെ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. ഇയാളുടെ വീട്ടിൽ നിന്ന് സംശയാസ്പദമായ ഒരു കുറിപ്പ് കണ്ടെടുത്തുവെന്നും പറയുന്നു. മകനെ അഭിസംബോധന ചെയ്ത് എഴുതിയ കത്ത് ആത്മഹത്യാ കുറിപ്പാണെന്നും എന്നാൽ വെടിവെപ്പിനുള്ള പ്രത്യേക കാരണങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഒക്ടോബർ16നാണ് റോബർട്ട് കാഡ് 18 പേരെ വെടിവെച്ചു കൊന്നത്. 80 പേര്‍ക്ക് പരിക്കേറ്റു. മൂന്നിടത്താണ് വെടിവെപ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിരുന്നു. 40കാരനായ റോബര്‍ട്ട് കാർഡ്, വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ്. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ അടുത്ത കാലത്ത് ഇയാളെ രണ്ടാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ നേരത്തെ ഗാര്‍ഹിക പീഡന കേസില്‍ അറസ്റ്റിലായിരുന്നു. മൂന്നിടങ്ങളിലായാണ് റോബര്‍ട്ട് കാര്‍ഡ് വെടിവെപ്പ് നടത്തിയത്. സ്പെയർടൈം റിക്രിയേഷൻ, സ്കീംഗീസ് ബാർ & ഗ്രിൽ റെസ്റ്റോറന്റ്, വാൾമാർട്ട് വിതരണ കേന്ദ്രം എന്നിവിടങ്ങളിലാണ് അക്രമി വെടിവെപ്പ് നടത്തിയത്.

കൂട്ട വെടിവയ്പ്പിന് ശേഷം റോബര്‍ട്ട് കാര്‍ഡ് വെള്ള നിറമുള്ള കാറിലാണ് രക്ഷപ്പെട്ടത്. തോക്കുചൂണ്ടി നല്‍ക്കുന്ന നീളന്‍ കയ്യുള്ള ഷര്‍ട്ടും ജീന്‍സും ധരിച്ച അക്രമിയുടെ ചിത്രം ആൻഡ്രോസ്‌കോഗിൻ കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.