തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിലെ സപ്ലൈകോ ഹൈപ്പർ മാർക്കറ്റിൽ വെള്ളിയാഴ്ച ഭക്ഷ്യമന്ത്രി ജി. ആർ അനിൽ മിന്നൽ സന്ദർശനം നടത്തി. കാത്ത് നിൽക്കുന്ന ഉപഭോക്താക്കളോട് സാധനങ്ങളെക്കുറിച്ചും മാർക്കറ്റിന്റെ പ്രവർത്തനത്തെക്കുറിച്ചും മന്ത്രി ചോദിച്ചറിഞ്ഞു. തങ്ങൾക്കു ചെറുപയറും കടലയും കിട്ടാറില്ലെന്ന് വീട്ടമ്മമാർ പരാതിപ്പെട്ടപ്പോൾ മന്ത്രി കാര്യമെന്തെന്ന് ജീവനക്കാരോട് തിരക്കി. ഇപ്പോൾ തീർന്നതാണെന്നായിരുന്നു ജീവനക്കാരുടെ മറുപടി. സാധനങ്ങൾ തീർന്നാൽ മറ്റിടങ്ങളിൽ നിന്ന് എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.
ഇതിനിടയിൽ തനിക്ക് ഉപ്പു കിട്ടിയില്ലെന്ന് യുവാവ് പരാതിപെട്ടപ്പോൾ മന്ത്രി ഇടപെട്ട് ഉപ്പു നൽകി. സാധനങ്ങൾ അടുക്കും ചിട്ടയുമില്ലാതെ വച്ചതു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മേലിൽ ഇങ്ങനെ സാധനങ്ങൾ വയ്ക്കാൻ പാടില്ലെന്നും സ്വകാര്യ സൂപ്പർ മാർക്കറ്റുകളിൽ സൂക്ഷിക്കുന്നതു പോലെ ആകർഷകമായും എളുപ്പത്തിൽ കാണാനാകുന്ന തരത്തിലും ഡിസ്പ്ലേ ചെയ്യണമെന്ന കർശനനിർദേശവും മന്ത്രി നൽകി. ഹൈപ്പർ മാർക്കറ്റിലെ സിസിടിവി ക്യാമറകൾ പ്രവർത്തിക്കാത്തതും വയറിങ്ങിലെ തകരാറുകളും ഉടൻ മാറ്റുമെന്നും മന്ത്രി പറഞ്ഞു. കേടായ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ അടിയന്തര നടപടി എടുക്കുമെന്നും മന്ത്രി ഉറപ്പു നൽകി.