ഡല്‍ഹി കലാപം: അമിത് ഷായുടെ രാജിയാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം

0 74

 

 

ഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നും പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം. അമിത് ഷായുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കും.

ഇന്നലെ ഈ വിഷയത്തിലുണ്ടായ ബഹളത്തിനിടെ ലോക്സഭയില്‍ കൈയ്യാങ്കളി നടന്നിരുന്നു. ഹൈബി ഈഡന്‍ ഉള്‍പ്പടെ 15 എംപിമാരെ സസ്പെന്‍ഡ് ചെയ്യണമെന്ന് ബിജെപി സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. തന്നെ ബിജെപി എംപി ജസ്കൗര്‍ റാണ മര്‍ദ്ദിച്ചെന്ന രമ്യ ഹരിദാസിന്‍റെ പരാതിയും സ്പീക്കര്‍ക്കു മുന്നിലുണ്ട്.
കലാപത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണം, പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയത്.തിങ്കളാഴ്ച ഈ ആവശ്യമുന്നയിച്ച്‌ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രമേയം അവതരിപ്പിച്ചേക്കും.