തുണി കഴുകിക്കൊണ്ടിരിക്കെ മകള്‍ ഒഴുക്കില്‍പെട്ടു; രക്ഷിക്കാന്‍ ശ്രമിച്ച അമ്മ കനാലില്‍ മുങ്ങിമരിച്ചു

0 929

 

കൊച്ചി: കനാലില്‍ ഒഴുക്കില്‍പെട്ട മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മ മുങ്ങിമരിച്ചു. 40കാരിയായ സുജയാണ് മരിച്ചത്. കൂത്താട്ടുകുളം മാറിക സ്വദേശി പരേതനായ മാധവന്റെ ഭാര്യയാണ് സുജ. സംസ്കാരം ഇന്നു 11മണിക്ക് നടക്കും.

ജലക്ഷാമം ഉള്ളതിനാല്‍ വസ്ത്രങ്ങള്‍ കഴുകാനും കുളിക്കാനുമായാണു മകള്‍ ശ്രീതുമോളെയും (14) കൂട്ടി സുജ ഇവിടെ എത്തിയത്. തുണി കഴുകിക്കൊണ്ടിരിക്കെയാണ് മകള്‍ ഒഴുക്കില്‍പെട്ടതു സുജ കണ്ടത്. രക്ഷിക്കാനായി ഇറങ്ങിയതോടെ ശക്തമായ അടിയൊഴുക്കില്‍പെടുകയായിരുന്നു. രക്ഷപ്പെട്ടു കരയ്ക്കു കയറിയ ശ്രീതുമോളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ സുജയെ കരയ്ക്ക് കയറ്റി മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ചെത്തുതൊഴിലാളിയായിരുന്ന സുജയുടെ ഭര്‍ത്താവ് മാധവന്‍ ഏഴ് വര്‍ഷം മുന്‍പാണ് മരിച്ചത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ശ്രീതുമോള്‍. സഹോദരന്‍ ശ്രീരാ​ഗ് ആറാം ക്ലാസില്‍ പഠിക്കുന്നു.