കെ.എസ്.ആർ.ടി.സി ബസിടിച്ച് അമ്മക്കും മകൾക്കും പരിക്ക്

0 345

 

പേരാവൂർ: കെ.എസ്.ആർ.ടി.സി. ബസിടിച്ച് ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന അമ്മക്കും മകൾക്കും പരിക്കേറ്റു. പരിക്കേറ്റ നമ്പിയോടിലെ ചെറുവട്ടി നസ്രീൻ (37), മകൾ ലുബാബ (അഞ്ച്) എന്നിവരെ തലശ്ശേരിയിലെ സഹകരണാസ്പത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. ഇരിട്ടി ഭാഗത്ത് നിന്ന് വന്ന ബസ്, സ്റ്റോപ്പിൽ നിർത്തുന്നതിനും മുൻപ് ഡോർ തുറന്നതാണ് അപകടത്തിനിടയാക്കിയത്. കുഞ്ഞിനെയും എടുത്ത് ബസ് കാത്തു നിന്ന നസ്രീന്റെ ദേഹത്ത് വേഗതയിൽ വന്ന ബസിന്റെ ഡോർ ഇടിച്ചാണ് അപകടം.

വീഴ്ചയിൽ കയ്യിൽ നിന്ന് തെറിച്ചുപോയ കുഞ്ഞിന് സമീപത്ത് നിർത്തിയിട്ട ബുള്ളറ്റിന്മേൽ വീണ് മുഖത്ത് സാരമായി പരിക്കേൽക്കുകയും ചെയ്തു. കുഞ്ഞിനെ പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രാഥമിക ചികിത്സ നല്കിയ ശേഷം തലശ്ശേരിയിലേക്ക് മാറ്റി മുഖത്ത് പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കി.