അമ്മയുടെ കണ്ണുവെട്ടിച്ച്‌ രണ്ടര വയസുകാരന്റെ നാടുചുറ്റല്‍; വീട്ടില്‍ നിന്ന് റോഡ് മുറിച്ചുകടന്ന് ബസ് സ്റ്റാന്‍ഡില്‍ എത്തി; അവസാനം കരച്ചില്‍

0 469

 

 

കോഴിക്കോട്; അമ്മയുടെ കണ്ണുവെട്ടിച്ച്‌ രണ്ടര വയസുകാരന്‍ നാടുചുറ്റാനിറങ്ങിയത് വീട്ടുകാരെയും നാട്ടുകാരെയും പൊലീസിനേയും ആശങ്കയിലാക്കി. കോഴിക്കോട് വടകരയിലാണ് സംഭവമുണ്ടായത്. വീട്ടുകാര്‍ കാണാതെ കുട്ടി റോഡ് മുറിച്ചുകടന്ന് തൊട്ടടുത്തുള്ള ബസ് സ്റ്റാന്‍ഡില്‍ എത്തുകയായിരുന്നു. ഒറ്റയ്ക്ക് നിന്ന് കരയുന്നതുകണ്ട നാട്ടുകാര്‍ കുട്ടിയെ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

ആയഞ്ചേരി ബസ് സ്റ്റാന്‍ഡിനു സമീപം താമസിക്കുന്ന കണ്ണച്ചാങ്കണ്ടി ബഷീറിന്റെയും ഫസീലയുടേയും മകന്‍ ഹസീബാണ് ഇന്നലെ രാവിലെ ഒറ്റയ്ക്ക് സ്റ്റാന്‍ഡില്‍ എത്തിയത്. അമ്മ ഫസീല തുണി കഴുകുന്നതിന് ഇടയിലാണ് കുട്ടി കണ്ണുവെട്ടിച്ച്‌ വീട്ടില്‍ നിന്ന് ഇറങ്ങിയത്. വീടിന് മുന്നിലുള്ള ഇടവഴിയിലേക്ക് ഇറങ്ങി അവിടെ നിന്ന് സമീപത്തെ പഞ്ചായത്ത് റോഡിലെത്തി. വാഹനത്തിരക്കില്ലാത്ത റോഡ് മുറിച്ചുകടന്ന് വീടിന് നൂറു മീറ്റര്‍ അകലെയുള്ള സ്റ്റാന്‍ഡിന് സമീപം എത്തുകയായിരുന്നു.

അവിടെ എത്തിയതോടെ കുട്ടി പരിഭ്രമിച്ച്‌ കരയാന്‍ തുടങ്ങി. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന വ്യാപാരികളും യാത്രക്കാരും ചേര്‍ന്ന് കുട്ടിയെ സമീപത്തുള്ള പൊലീസ് ഏയ്ഡ് പോസ്റ്റിലാക്കി. അപ്പോഴേക്കും വീട്ടുകാരും അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയെ ശരീര പരിശോധന നടത്തിയശേഷമാണ് പൊലീസ് വീട്ടുകാര്‍ക്ക് കൈമാറിയത്.