കോവിഡിനെ പ്രതിരോധിക്കാന്‍ കോളെടുത്ത് ഡിഎംഒയും
ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങളും മരുന്നുകളും വീടുകളിലെത്തിക്കാന്‍ ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ സന്നദ്ധപ്രവര്‍ത്തകനായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക്കും. ജില്ലയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ തിരിക്കുകള്‍ക്കിടയിലാണ് അദ്ദേഹം കോള്‍ സെന്ററിലെത്തിയത്.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള ബാലകിരണ്‍ പദ്ധതിയില്‍ ലഭിക്കുന്ന മരുന്ന് ആവശ്യപ്പെട്ടായിരുന്നു ഡിഎംഒ അറ്റന്‍ഡ് ചെയ്ത കോളിലെ ആവശ്യം. പദ്ധതിയില്‍ ഉള്‍പ്പെടുത്തി മരുന്ന് ലഭ്യമാക്കാമെന്ന് ഉറപ്പുനല്‍കിയ ഡിഎംഒ അതിനുള്ള ക്രമീകരണവും ഒരുക്കി. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടതിനാല്‍ അധിക സമയം ചെലവഴിക്കാതെ അദ്ദേഹം മടങ്ങുകയും ചെയ്തു.
ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാതിരിക്കുക എന്നതാണ് കോവിഡ് പ്രതിരോധത്തില്‍ ഏറ്റവും നിര്‍ണായകമായിട്ടുള്ളതെന്ന് ഡിഎംഒ പറഞ്ഞു. നിലവില്‍ ജില്ലയില്‍ ഭയപ്പെടാനുള്ള സാഹചര്യമില്ല. എന്നാല്‍ പൂര്‍ണമായി ആശ്വസിക്കാവുന്ന സ്ഥിതിയിലുമല്ല. സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദ്ദേശങ്ങളോട് പൂര്‍ണമായി സഹകരിക്കുകയാണ് പ്രധാനം. ലോക്ക് ഡൗണ്‍ കാലത്ത് ആളുകള്‍ പുറത്തിറങ്ങുന്നത് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.