അഞ്ജനയുടെ മരണം കൊലപാതകമോ ? ലൈംഗിക പീഡനത്തിന് ഇരയായി, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

0 1,941

അഞ്ജനയുടെ മരണം കൊലപാതകമോ ? ലൈംഗിക പീഡനത്തിന് ഇരയായി, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

 

കാസര്‍കോട്: നീലേശ്വരം പുതുക്കൈ സ്വദേശിനി അഞ്ജന കെ. ഹരീഷിന്റെ (21) ഗോവയിലെ ദുരൂഹ മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. മരണത്തിന്റെ മൂന്നാംദിവസം നാട്ടില്‍ നിന്നും ബന്ധുക്കള്‍ എത്തിയതിനുശേഷം നടത്തിയ പോസ്റ്റുമോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നു.

 

പ്രകൃതിവിരുദ്ധമോ അല്ലാതെയുള്ള ലൈംഗിക പീഡനത്തിനോ അഞ്ജന ഇരയായിട്ടുണ്ട് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുള്ളത്. കൈക്കും കഴുത്തിലും ചുണ്ടിലും ഉള്ള മുറിവുകള്‍ ബലപ്രയോഗം മൂലം സംഭവിച്ചതാകാം എന്നും വിശദമാക്കിയിട്ടുണ്ട്. ലഹരിക്ക് അടിമ ആക്കിയ ശേഷം അബോധാവസ്ഥയില്‍ കെട്ടിത്തൂക്കിയത് ആകാനും വഴിയുണ്ടെന്ന് ഫോറന്‍സിക് വിദഗ്ധരും കണ്ടെത്തിയിട്ടുണ്ട്. അഞ്ജനയുടെ മരണം കൊലപാതകമാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ് നീലേശ്വരത്തെ ബന്ധുക്കള്‍. ഗോവയിലെ താമസസ്ഥലത്ത് നിന്ന് പത്തു മീറ്റര്‍ മാത്രം അകലെ കണ്ടെത്തിയ മൃതദേഹം ഏറെ സംശയങ്ങള്‍ ഉളവാക്കുന്നതാണ്. ഇത്ര അടുത്ത് സംഭവം നടന്നിട്ടും അതൊന്നും ഞങ്ങള്‍ അറിഞ്ഞില്ലെന്ന സുഹൃത്തുക്കളുടെ മൊഴി സംശയാസ്പദമാണെന്നും ബന്ധുക്കള്‍ പറയുന്നു.

 

സുഹൃത്തുക്കളായ ആതിര, നസീമ, ശബരി എന്നിവരാണ് അഞ്ജനയുടെ കൂടെ റിസോര്‍ട്ടില്‍ ഉണ്ടായിരുന്നത്. അയല്‍വാസികള്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ അഞ്ജന കണ്ടപ്പോള്‍ ജീവനുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴാണ് മരിച്ചത്. സുഹൃത്ത് നസീമയുടെ ഫോണില്‍ നിന്നാണ് അഞ്ജന തലേന്നാള്‍ അമ്മയെ വിളിച്ചത്. ഞാന്‍ നാട്ടിലേക്ക് വരുന്നു എന്നും അമ്മ പറയുന്നതു പോലെ ജീവിച്ചു കൊള്ളാം എന്നും അഞ്ജന പറഞ്ഞിരുന്നു. ആത്മഹത്യ ചെയ്യാന്‍ പോകുന്ന മകള്‍ നാട്ടിലേക്ക് വന്ന് നല്ല രീതിയില്‍ ജീവിച്ചു കൊള്ളാമെന്നു അമ്മയെ വിളിച്ചു പറയില്ലല്ലോ എന്നാണ് വീട്ടുകാര്‍ പറയുന്നത്.

 

കൊലപാതകം മൂടിവെക്കാന്‍ അഞ്ജന ലഹരിക്ക് അടിമയായിരുന്നു എന്നും ആത്മഹത്യാ പ്രവണത പലതവണ കാണിച്ചിരുന്നു എന്നും വ്യാജ പ്രചരണം അഴിച്ചു വിടുകയാണ് സുഹൃത്തുക്കളെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സത്യസന്ധമായ അന്വേഷണം നടത്തിയാല്‍ അഞ്ജനയുടെ മരണത്തിന്റെ ഉത്തരവാദികളെ പുറത്തു കൊണ്ടുവരാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് കുടുംബം. ഇതിനായി നിയമപോരാട്ടം തുടരാനുള്ള നീക്കവും ബന്ധുക്കള്‍ ആരംഭിച്ചിട്ടുണ്ട്.