ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. പെരിയകനാൽ എസ്റ്റേറ്റ് ഭാഗത്ത് കാട്ടാന ജീപ്പ് തകർത്തു. തലനാരിഴക്കാണ് യാത്രക്കാർ രക്ഷപെട്ടത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പൂപ്പാറ സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അരിക്കൊമ്പനാണ് അക്രമിച്ചതെന്നാണ് അപകടത്തിൽപ്പെട്ടവർ പറയുന്നത്.
ചിന്നക്കനാലിൽ നിന്ന് പൂപ്പാറയിലേക്ക് പോവുകയായിരുന്ന ജീപ്പാണ് ആനയുടെ മുന്നിൽ അകപ്പെട്ടത്. ജീപ്പ് പിന്നോട്ടെടുത്തെങ്കിലും ആന പാഞ്ഞടുത്തതോടെ ജീപ്പിലുണ്ടായിരുന്നവർ ഓടി രക്ഷപെട്ടു. ആനയുടെ ആക്രമണത്തിൽ ജീപ്പ് ഭാഗീകമായി തകർന്നു. ഇതിനിടയിൽ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം വീട്ടിലേക്ക് മാറ്റി. അക്രമം നടന്ന പ്രദേശത്തിനടുത്തായി അരിക്കൊമ്പന്‍റെയും ചക്കക്കൊമ്പന്‍റെയും സാന്നിധ്യമുണ്ടായിരുന്നതിനാൽ ഏത് ആനയാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല.
അതേസമയം അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടുന്നതിൽ കോടതി വിധി അനുകൂലമായാൽ ഈ മാസം 30ന് ദൗത്യം നടത്തുമെന്ന് വനം വകുപ്പ് അറിയിച്ചു. 29ന് മോക് ഡ്രിൽ നടത്തും. 71 അംഗ ദൗത്യ സംഘത്തിലെ മുഴുവൻ ആളുകളെയും അണിനിരത്തിയാണ് മോക്ഡ്രിൽ നടത്തുക. ഇതിനായി കുങ്കിയാനകളും ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ടീമും സജ്ജമായിട്ടുണ്ട്.
കോടതി വിധി മോക്ഡ്രിൽ നടത്തുന്നതിന് തടസമാകില്ലെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. ആനയെ പിടികൂടി മാറ്റണമെങ്കിലും റേഡിയോ കോളർ ഘടിപ്പിക്കണമെങ്കിലും മയക്കുവെടി വെക്കണം. കേസ് പരിഗണിക്കുന്ന 29ന് കോടതിയിൽ കാര്യങ്ങൾ ബോധിപ്പിച്ച് അനുകൂലവിധി സമ്പാദിക്കാനാകുമെന്നാണ് വനം വകുപ്പിന്റെ കണക്കുകൂട്ടൽ.