ലഹരിക്കെതിരായ കാമ്പയിൻ പൊതുജനങ്ങൾ ഏറ്റെടുക്കണം: സ്പീക്കർ എ എൻ ഷംസീർ 

0 123
ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നയിക്കുന്ന കാമ്പയിൻ പൊതുജനങ്ങൾ ഏറ്റെടുക്കണമെന്ന് കേരള നിയമസഭാ സ്പീക്കർ അഡ്വ എ എൻ ഷംസീർ. ബാല സൗഹൃദ കേരളം നാലാം ഘട്ടം പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികൾ വലിയ തോതിൽ ലഹരിക്ക് അടിമപ്പെടുന്ന കാലമാണിത്.  കുട്ടികൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നില്ലെന്ന് രക്ഷിതാക്കളും അധ്യാപകരും ഉറപ്പ് വരുത്തണം. വ്യാജ പോക്സോ കേസുകൾ ഭയന്ന് അധ്യാപകർ വിദ്യാലയങ്ങളിൽ പലതും കണ്ടില്ലെന്ന് വെക്കുകയാണ്. വിദ്യാർഥികളുടെ പ്രശ്നങ്ങൾ അധ്യാപകർ രക്ഷിതാവിനെ സ്വകാര്യമായി അറിയിക്കണം. തന്റെ കുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള സ്വഭാവ ദൂഷ്യമുണ്ടെന്ന് മനസിലായാൽ അത് മറച്ച് വെക്കാതെ വിദഗ്ദാഭിപ്രായം തേടണം. ഉപയോഗിച്ചാൽ മറ്റാർക്കും മനസിലാക്കാൻ സാധിക്കാത്ത പല വിധ മയക്കുമരുന്നുകൾ വിദ്യാർഥികളുടെ ഇടയിൽ സുലഭമാണ്. ഇതിൽ പെടാതെ കുട്ടികളെ വളർത്തിയെടുക്കുന്നതിന് വീടുകളിൽ ബാലസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കണം. കുട്ടികൾക്ക് മുന്നിൽ വച്ച്   അച്ഛനമ്മമാർ വഴക്കിടുമ്പോൾ  അതവരുടെ സ്വഭാവ രൂപീകരണത്തിൽ മോശമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണം, ബാലസൗഹൃദ തദ്ദേശ ഭരണം എന്നിവ ഉൾപ്പെടുത്തി കേരളത്തിലുടനീളം നടത്തി വരുന്ന ബൃഹദ് പ്രചാര പദ്ധതിയാണ് ബാലസൗഹൃദ കേരളം. ബാലസംരക്ഷണ സമിതികളുടെ രൂപീകരണം, സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുന്നതിന് ആവശ്യമായ പ്രവർത്തനം നടത്തുക, ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക, കുട്ടികൾക്ക് നേരെയുണ്ടാകുന്ന പീഡനങ്ങൾ ഇല്ലാതാക്കുക, മദ്യം -മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കുക, ബാലവേല – ഭിക്ഷാടനം എന്നിവ തടയുക, ശൈശവ വിവാഹം ഇല്ലാതാക്കുക, കുട്ടികളുടെ ആത്മഹത്യകൾ ഇല്ലാതാക്കുക, ലിംഗസമത്വം സൃഷ്ടിക്കുക, ശാസ്ത്രീയ അവബോധം വളർത്തുക തുടങ്ങിയവയ്ക്കുള്ള പദ്ധതികൾ
ആവിഷ്ക്കരിച്ച് നടപ്പാക്കുകയാണ് നാലാം ഘട്ടത്തിൽ പദ്ധതി ലക്ഷ്യം വെക്കുന്നത്.
കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഇഎംഎസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷൻ കെ വി മനോജ് കുമാർ അധ്യക്ഷത വഹിച്ചു.
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, തലശ്ശേരി ബ്ലോക്ക്  പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രജിത പ്രദീപ്,  തലശ്ശേരി ബിഡിഒ അഭിഷേക് കുറുപ്പ്, തലശ്ശേരി സിഡിപിഒ എം ശ്രീജ എന്നിവർ സംസാരിച്ചു. ഗുഡ് പാരന്റിംഗ് എന്ന വിഷയത്തിൽ മജീഷ്യൻ ഗോപിനാഥ് മുതുകാട്, ബാലാവകാശ സംരക്ഷണ നിയമങ്ങൾ – സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം ശ്യാമളാദേവി, ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണം- ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ വി രജീഷ എന്നിവർ ക്ലാസുകളെടുത്തു.

Get real time updates directly on you device, subscribe now.