മോദി- അദാനി വിരുദ്ധ പരാമർശം; ​യു.പിയിൽ കോൺ​ഗ്രസ് നേതാവിനെതിരെ കേസ്

0 882

ലഖ്നൗ: അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശത്തിന്റെ പേരിൽ ഉത്തർപ്രദേശിൽ കോൺ​ഗ്രസ് നേതാവിനെതിരെ കേസ്. കോൺ​ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സച്ചിൻ ചൗധരിക്കെതിരെയാണ് ബിജെപി നേതാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്.

ബിജെപിയുടെ യുവജന വിഭാഗം നേതാവ് അക്ഷിത് അഗർവാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭാൽ കോട്വാലിയിൽ സച്ചിൻ ചൗധരിക്കെതിരെ കേസെടുത്തതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ശ്രീഷ് ചന്ദ്ര പറഞ്ഞു.

വെള്ളിയാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ് കോൺ​ഗ്രസ് നേതാവ് പ്രധാനമന്ത്രിക്കെതിരായ പരാമർശം നടത്തിയതെന്ന് യുവമോർച്ച ജില്ലാ യൂണിറ്റ് ഓഫീസ് ഇൻ-ചാർജായ അ​ഗർവാൾ ആരോപിച്ചു.

കോൺഗ്രസ് നേതാവിന്റെ അധിക്ഷേപകരമായ പരാമർശങ്ങളുടെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ടെന്നും അ​ഗർവാൾ പറഞ്ഞു. ഹിന്ദുമതത്തിനെതിരെയും സച്ചിൻ ചൗധരി അധിക്ഷേപ പരാമർശം നടത്തിയെന്നും ബിജെപി നേതാവ് ആരോപിച്ചു. പരാമർശത്തിന്റെ വീഡിയോ ക്ലിപ്പ് പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അ​ഗർവാൾ കൂട്ടിച്ചേർത്തു.

നേരത്തെ, നീരവ് മോദി, ലളിത് മോദി, നരേന്ദ്രമോദി എന്നിവരുടെ പേരുകൾ പറഞ്ഞ് എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് എങ്ങനെയാണ് വരുന്നതെന്ന പരാമർശത്തിന്റെ പേരിൽ ബിജെപി നേതാവ് നൽകിയ പരാതിയിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെ കേസെടുത്തിരുന്നു.

2019ൽ കർണാടകയിലെ കോലാറിൽ നടത്തിയ ഈ പ്രസ്താവനയ്ക്കെതിരായ കേസിൽ ​സൂറത്ത് ജില്ലാ കോടതി അദ്ദേഹത്തിന് രണ്ട് വർഷം തടവുശിക്ഷ വിധിക്കുകയും ചെയ്തു. പിന്നാലെ രാഹുലിനെ എം.പി സ്ഥാനത്തു നിന്നും അയോ​ഗ്യനാക്കുകയും ചെയ്തിരുന്നു.