അനുഷ്കയ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് പരാതി നല്‍കി ബി.ജെ.പി എം.എല്‍.എ, ഒപ്പം കൊഹ്‌ലിക്കൊരു ഉപദേശവും

0 638

അനുഷ്കയ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് പരാതി നല്‍കി ബി.ജെ.പി എം.എല്‍.എ, ഒപ്പം കൊഹ്‌ലിക്കൊരു ഉപദേശവും

ബോളിവുഡ് നടി അനുഷ്ക ശര്‍മ നിര്‍മിച്ച പാതാള്‍ ലോക് എന്ന വെബ്സീരിസ് ജനശ്രദ്ധ നേടിയെങ്കിലും ഒപ്പം വിവാദവുമുണ്ടായി. ഇപ്പോള്‍ നടി അനുഷ്ക ശര്‍മയ്ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് ബിജെപി എം.എല്‍.എ നന്ദകിഷോര്‍ ​ഗുര്‍ജര്‍. കൂടാതെ പാതാള്‍ ലോക് പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണം എന്നാവശ്യപ്പെട്ട് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്റ്റര്‍ക്ക് കത്തയക്കുകയും ചെയ്തു.

അനുഷ്കയ്ക്കെതിരെ പരാതി നല്‍കിയതിനൊപ്പം താരത്തിന്റെ ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോഹ് ലിക്ക് ഒരു ഉപദേശവുമുണ്ട്. പാതാള്‍ ലോക് നിര്‍മിച്ചതിന് അനുഷ്കയെ ഡിവോഴ്സ് ചെയ്യണം എന്നാണ് ഗുര്‍ജര്‍ പറഞ്ഞത്. അനുവാദം കൂടാതെ തന്റെ ഫോട്ടോ സീരിസില്‍ ഉപയോഗിച്ചു എന്നാണ് ഗുര്‍ജര്‍ ആരോപിക്കുന്നത്. രാജ്യ ദ്രോഹക്കുറ്റത്തിനാണ് പരാതി നല്‍കിയിരിക്കുന്നത്.

പാതാള്‍ ലോക് മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നുവെന്ന് ​ഗുര്‍ജര്‍ ആരോപിച്ചു. പാതാള്‍ ലോകില്‍ വില്ലനായെത്തുന്ന അനൂപ് ജോള്‍ട്ട അവതരിപ്പിക്കുന്ന ബാലകൃഷ്ണ ബാജ്പേയി എന്ന കഥാപാത്രം ഒരു ദേശീയ പാത ഉദ്ഘാടനം ചെയ്യുന്ന ഒരു പത്രവാര്‍ത്ത കാണിക്കുന്ന രം​ഗമുണ്ട്. പത്രവാര്‍ത്തയിലെ ചിത്രത്തില്‍ ​ഗുര്‍ജറുമുണ്ട്. ​യോഗി ആദിത്യനാഥിനൊപ്പം ​ഗുര്‍ജര്‍ പങ്കെടുത്ത ഉദ്ഘാടന ദൃശ്യം മോര്‍ഫ് ചെയ്താണ് പാതാള്‍ ലോകില്‍ ഉപയോ​ഗിച്ചിരിക്കുന്നത്. 2018 മാര്‍ച്ച്‌ 30 നെടുത്ത ചിത്രമായിരുന്നു അത്. ബിജെപിയുടെ പ്രതിച്ഛായ നശിപ്പിക്കാനാണ് പാതാള്‍ ലോകില്‍ ഈ ചിത്രം മോര്‍ഫ് ചെയ്തതെന്ന് ​ഗുര്‍ജര്‍ ആരോപിക്കുന്നു.

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത പാതാള്‍ ലോക് കുറ്റാന്വേഷണ കഥയാണ്. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. ഇത്തരം സീരീസിന് പിന്നില്‍ പ്രവര്‍ത്തിച്ചതിന് അനുഷ്കയെ കോഹ ലി പ്രശംസിച്ചിരുന്നു. ഒമ്ബത് എപ്പിസോഡുകളുള്ള ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെട്ട വെബ് സീരിസാണ് പാതാള്‍ ലോക്. ജയ്ദീപ് അഹ്ലാവത്, അഭിഷേക് ബാനര്‍ജി, നീരജ് കാബി എന്നിവരാണ് ഇതില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്.