കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാൻ ആറളം കൃഷിഭവനും ആറളം ഗ്രാമപഞ്ചായത്തും സമഗ്ര പദ്ധതികൾ നടപ്പിലാക്കുന്നു.
കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാൻ ആറളം കൃഷിഭവനും ആറളം ഗ്രാമപഞ്ചായത്തും സമഗ്ര പദ്ധതികൾ നടപ്പിലാക്കുന്നു. ഈ വർഷം 200 ഏക്കർ സ്ഥലത്ത് കരനെൽ കൃഷി, 75 ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷി എന്നിവ നടപ്പിലാക്കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.കരനെൽ കൃഷിക്ക് 9 ലക്ഷം രൂപയും പച്ചക്കറി കൃഷിക്ക് 5 ലക്ഷം രൂപയും ഈ വർഷത്തെ വാർഷിക പദ്ധതിയിൽ ആറളം പഞ്ചായത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡാനന്തര കേരളത്തിലെ ഭക്ഷ്യ ക്ഷാമം മുൻ കൂട്ടി കണ്ട് കൊണ്ട് ആണ് ഭക്ഷ്യധാന്യങ്ങൾക്കും പച്ചക്കറിക്കും മുൻഗണന കൊടുത്തുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. ആറളം ഫാം പുനരധിവാസ മേഖല ഉൾപ്പടെ ഏക്കറ് കണക്കിന് തരിശ് കിടക്കുന്ന ഭൂമിയിൽ കൃഷിയിറക്കുവാനാണ് കൃഷി ഭവനും പഞ്ചായത്തും തീരുമാനിച്ചിരിക്കുന്നത്.കരനെൽ കൃഷിക്ക് അനുയോജ്യമായ കാലത്ത് തന്നെ വിത്തിടൽ നടത്തുന്നതിൻ്റെ ഭാഗമായി ഏപ്രിൽ അവസാന വാരത്തോടെ 5 ടൺ നെൽവിത്ത് കൃഷി ഭവനിൽ സ്റ്റോക്ക് ചെയ്തിരുന്നു.90 ദിവസം മൂപ്പുള്ള വൈശാഖ് നെല്ലാണ് കരിമ്പം ഫാമിൽ നിന്നും ഇറക്കിയിരിക്കുന്നത്. കൂടുതൽ ഉല്പാദനം ലക്ഷ്യമിട്ടു കൊണ്ട് നടത്തുന്ന ഈ വർഷത്തെ പ്രവർത്തനത്തിൽ മണ്ണിൻ്റെ അമ്ല രസം കുറച്ച് മൂലകങ്ങൾ ചെടികൾക്ക് എളുപ്പത്തിൽ വലിച്ചെടുക്കുവാനായി കുമ്മായം ഒരു ഹെക്ടറിനു 200 കിലോ എന്ന തോതിൽ 75 ശതമാനം സബ്സിഡി നിരക്കിൽ നൽകുന്നുണ്ട്. കഴിഞ്ഞ വർഷം പഞ്ചായത്തിൽ 150 ഏക്കറോളം സ്ഥലത്ത് കൃഷിയിറക്കിയിരുന്നു. ഇതിൽ ഭൂരിഭാഗം സ്ഥലവും ആറളം ഫാം മേഖലയിലാണ്… ആറളം ഫാമിൽ നിന്നും ഈ വർഷം കൂടുതൽ ഗ്രൂപ്പുകൾ കൃഷി ചെയ്യാനായി മുന്നോട്ടു വന്നിട്ടുണ്ട്. ആറളം ഫാം പുനരധിവാസ മേഖലയിൽ കൃഷിഭവൻ്റെ ഇടപെടലിലൂടെ കൂടുതൽ സ്ഥലങ്ങളിൽ വാഴ, എള്ള്, പച്ചക്കറി, കിഴങ്ങ് വർഗ്ഗങ്ങൾ, ഇഞ്ചി, മഞ്ഞൾ എന്നിവ കൃഷി ചെയത് വരുന്നുണ്ട്, ആറളം പഞ്ചായത്തിലെ തരിശായി കിടക്കുന്ന ഭൂമികൾ, ചെറിയ കശുമാവിൻ തോട്ടം, റബ്ബർ തോട്ടം,തെങ്ങിൻ തോട്ടം എന്നിവിടങ്ങളിലെ സ്ഥലം കണ്ടെത്തി ആറളം കൃഷിഭവനു കീഴിലുള്ള കാർഷിക കർമ്മ സേനകൾ ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതാണ് കൃഷിക്ക് അനുയോജ്യമാക്കുന്നത്. വനിതാ ഗ്രൂപ്പുകൾ സ്വന്തമായി നിലം ഒരുക്കിയും കൃഷി ചെയ്യുന്നുണ്ട്. ആറളം ഫാം, വിയറ്റ്നാം, ചതിരൂർ, വളയംകോട്, പുതിയങ്ങാടി, ആറളം എന്നിവിടങ്ങളിൽ നിലം ഉഴുത് വിത്തിട്ടു കഴിഞ്ഞു. ഏക്കറിനു 9000 രൂപ വരെ സബ്സിഡിയായി കർഷകർക്ക് ലഭിക്കും.വെളിമാനം യു പി സ്കൂൾ, ആറളം പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃഷി ചെയ്യുന്നുണ്ട്.തൊഴിലുറപ്പ് ചെയ്യുന്നതിനു അനുമതി കൂടി ലഭിച്ചാൽ കൂടുതൽ പ്രദേശങ്ങൾ ഈ മാസത്തോടെ കൃഷി യോഗ്യമായി മാറും, കോവിഡ് ലോക് ഡൗൺ കാലത്ത് വീട്ടിൽ പച്ചക്കറി കൃഷി ചെയ്യുന്നതിനായി പോട്ടിങ്ങ് മിശ്രിതം നിറച്ച് പച്ചക്കറിതൈകളോട് കൂടിയ ഗ്രോബാഗുകൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്നുണ്ട്. 20 എണ്ണം അടങ്ങിയ 1യൂണിറ്റിനു 1600 രൂപയാണ് വില.ആറളം ഉരുപ്പും കുണ്ടിലുള്ള അഗ്രോ സർവ്വീസ് സെൻ്ററുമായി യോജിച്ചാണ് ഗ്രോബാഗ് യൂണിറ്റ് വിതരണം ചെയ്യുന്നത്. ഇതിനായി 2000 ഗ്രോബാഗുകൾ തയ്യാറാക്കി കഴിഞ്ഞു ഇതിനു പുറമെ 16000 പച്ചക്കറിതൈകൾ, 10000 ടിഷ്യുവാഴതൈകൾ, ഇഞ്ചി, മഞ്ഞൾ വിത്തുകൾ, പച്ചക്കറിവിത്ത് പാക്കറ്റുകൾ ,മുരിങ്ങ, കറിവേപ്പ്, റെഡ് ലേഡി പപ്പായ എന്നിവ വിതരണം ചെയ്ത് കഴിഞ്ഞു.ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷിജിനടുപറമ്പിലിൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതിയും ആറളം കൃഷിഭവൻ കൃഷി ഓഫീസർ സുബജിത് എസ്.എസ് കൃഷി അസിസ്റ്റൻറ് സി.കെ സുമേഷ് എന്നിവരും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. പദ്ധതികളെ കുറിച്ച് കൂടുതൽ അറിയുവാൻ 9747913782,9383472212 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്