ഏഴ് വയസുള്ള ലക്ഷ്മിക പ്രസാദ് മുതൽ 72 വയസുള്ള കെ സി രവീന്ദ്രൻ വരെയുള്ളവർ മാനസിക ശാരീരിക വെല്ലുവിളികളെ മറികടന്ന് കലാമേളയിൽ പങ്കാളികളായപ്പോൾ കാണികളിൽ ആവേശവും ആഹ്ലാദവും ഉണർന്നു. ലോക ഭിന്നശേഷി ദിനത്തിൽ ചെമ്പിലോട് പഞ്ചായത്തും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷി കലാമേളയിൽ പഞ്ചായത്ത് ബി ആർ സി വിദ്യാലയത്തിലെയും , പഞ്ചായത്ത് പരിധിയിലെയും 121 കലാ കായിക പ്രതിഭകളാണ് മാറ്റുരച്ചത്. ഭിന്നശേഷി വിഭാഗത്തിൽപെട്ടവരുടെ മാനസികവും ശാരീരികവുമായ ഉന്മേഷത്തിനും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും വേദിയൊരുക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് സ്നേഹസ്പർശം 2022 എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് സ്റ്റേഡിയത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി പ്രസീത, ഐ സി ഡി എസ് സൂപ്പർവൈസർ ഇ ഷിൻജ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഡി ജിഷ, കെ സുരേശൻ , ടി രതീശൻ തുടങ്ങിയവർ സംബന്ധിച്ചു. മാപ്പിളപ്പാട്ട്, മിമിക്രി സിനിമാ ഗാനം, പ്രസംഗം, കവിതാപാരായണം, ക്വിസ്, ഗ്രൂപ്പ് ഡാൻസ് , നാടൻ പാട്ട്, സിംഗിൾ ഡാൻസ് , കഥാ രചന, പ്രച്ഛന്ന വേഷം, തുടങ്ങിയ കലാപരിപാടികളും , 100 മീറ്റർ ഓട്ടം, 100 മീറ്റർ നടത്തം, ഓർമ്മ പരിശോധന, കസേരകളി തുടങ്ങിയ കായിക മത്സങ്ങളുമാണ് സംഘടിപ്പിച്ചത്. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും സംസ്ഥാന ബാലാവകാശ ചെയർമാൻ കെ വി മനോജ് കുമാർ നിർവ്വഹിച്ചു.