വൃക്ഷ ദമ്പദി മാരുടെ വിവാഹ ബന്ധം വേര്‍പെടുത്തി; 33 വര്‍ഷം മുമ്ബ് വിവാഹിതരായ ആല്‍മരത്തിന്റെയും വേപ്പു മരത്തിന്റെയും അന്ത്യസംസ്‌കാരകര്‍മങ്ങള്‍ നടത്തി
വൃക്ഷ ദമ്പദി മാരുടെ വിവാഹ ബന്ധം വേര്‍പെടുത്തി; 33 വര്‍ഷം മുമ്ബ് വിവാഹിതരായ ആല്‍മരത്തിന്റെയും വേപ്പു മരത്തിന്റെയും അന്ത്യസംസ്‌കാരകര്‍മങ്ങള്‍ നടത്തി
നീലേശ്വരം: വധൂവരന്മാരായി സങ്കല്പിച്ചു വേളികഴിപ്പിച്ച മരങ്ങള്‍ ഉണങ്ങിപ്പോയതിനെ തുടര്‍ന്ന് വിവാഹബന്ധം വേര്‍പെടുത്തി ഇരുവൃക്ഷങ്ങള്‍ക്കും അന്ത്യസംസ്‌കാരകര്‍മങ്ങള്‍ നടത്തി.നീലേശ്വരം തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്രത്തിനു സമീപം തിങ്കളാഴ്ചയാണ് വേറിട്ട ചടങ്ങ് നടന്നത്. 33 വര്‍ഷം മുന്‍പ് ക്ഷേത്രഗോപുരത്തിനു പുറത്തെ ആല്‍മരത്തിനൊപ്പമാണ് വേപ്പുമരവും നട്ടുപിടിപ്പിച്ച് വേളിനടത്തിയത്. ദേവീസങ്കല്പമായ വേപ്പുമരത്തെയാണ് തളിയില്‍ ക്ഷേത്ര സമീപത്തെ ആല്‍മരത്തിന് വധുവായി സങ്കല്പിച്ചിരുന്നത്.
നീലേശ്വരം രാജവംശത്തിലെ കെ.സി.അമ്മുത്തമ്ബുരാട്ടിയുടെ താത്പര്യപ്രകാരമാണ് നീലമന നാരായണന്‍ നമ്ബൂതിരിയുടെ കാര്‍മികത്വത്തില്‍ ഈ ചടങ്ങ് നടത്തിയത്. മാസങ്ങള്‍ക്ക് മുന്‍പ് ആല്‍മരം ഉണങ്ങിയതോടെ വേളീബന്ധം വേര്‍പെടുത്തി പുതിയൊരു ആല്‍മരം നടാനായിരുന്നു തീരുമാനം. എന്നാല്‍ ക്രമേണ വേപ്പുമരവും ഉണങ്ങി. ഇതോടെ വിവാഹബന്ധം വേര്‍പെടുത്തി ഇരു വൃക്ഷശകലങ്ങളും പ്രതീകാത്മകമായി അഗ്നിയില്‍ ലയിപ്പിച്ച് അന്ത്യേഷ്ടിയെന്ന പതിനാറാമത്തെ സംസ്‌കാരം നടത്തി.
അമ്മുത്തമ്ബുരാട്ടിയുടെ മകന്‍ ഡോ. കെ.സി.കെ.രാജ, 33 വര്‍ഷം മുന്‍പു വേളി ചടങ്ങിന് കാര്‍മികത്വം വഹിച്ച നാരായണന്‍ നമ്ബൂതിരിയുടെ മകന്‍ നീലമന ശംഭു നമ്ബൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നതെന്നതും യാദൃച്ഛികമായി. ചടങ്ങുകള്‍ കാണാന്‍ ഒട്ടേറെപ്പേര്‍ ക്ഷേത്രസമീപത്തെത്തി.