ലോകാരാഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്തിലെ പ്രമേഹരോഗികളുടെ എണ്ണം എടുത്താൽ ആറിൽ ഒരാൾ ഇന്ത്യക്കാരനായിരിക്കും. ഇന്ത്യയിലെ രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ മലയാളികളുടെ അനുപാതവും ഏതാണ്ട് ഇതേതീതിയിൽ തന്നെ വരും. മലയാളികളുടെ ദൈനംദിന ഭക്ഷണത്തിൽ എളുപ്പം ദഹിക്കുന്ന കാർബോ ഹൈഡ്രേറ്റിന്റെ അളവ് വളരെ കൂടുതലും, എന്നാൽ ഫൈബർ വളരെ കുറവുമാണ്. ഇത് മലയാളികളെ പ്രമേഹത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകമാണ്. ഭക്ഷണരീതിയിലെ ചെറിയ മാറ്റങ്ങൾ പോലും പ്രമേഹ രോഗികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കാം. അതിനാൽ ഡയറ്റ് പ്‌ളാൻ ചെയ്യുന്നതിൽ കൃത്യമായ ശ്രദ്ധ ആവശ്യമാണ്.
പഴവർഗ്ഗങ്ങൾ ഒഴിവാക്കല്ലേ..
പഴവർഗ്ഗങ്ങൾ പൂർണ്ണമായും ഡയറ്റിൽ നിന്നും ഉപേക്ഷിക്കുക എന്നതാണ് മിക്ക പ്രമേഹ രോഗികളും ഡയറ്റ് കൺട്രോളിന്റെ ഭാഗമായി ആദ്യം ചെയ്യുന്നത്. ഇതൊടെ നമ്മുടെ ശരീരത്തിനാവശ്യമായ ആന്റി ഓക്‌സിഡൻസും മറ്റ് ന്യൂട്രിയൻസും ലഭിക്കാതെ വരുന്നു. ഇതിലെ അപകടം മിക്കവരും തിരിച്ചറിയുന്നില്ലെന്നാതാണ് യാഥാർത്ഥ്യം. പ്രമേഹരോഗികൾക്കും കഴിക്കാവുന്ന പഴവർഗ്ഗങ്ങൾ ആവശ്യത്തിന് ഉൾക്കൊള്ളിച്ചു കൊണ്ടുള്ള കംപ്ലീറ്റ് ഡയറ്റായിരിക്കണം ദിവസവും പിന്തുടരേണ്ടത്.
യഥേഷ്ടം ലഭിക്കും, എന്നിട്ടും..
മലയാളികൾക്ക് യഥേഷ്ടം ലഭിക്കുന്ന പേരയ്‌ക്ക, പപ്പായ, ആപ്പിൾ, ഓറഞ്ച്, തണ്ണിമത്തൻ എന്നിവ പ്രമേഹമുള്ളവർക്കും കഴിക്കാവുന്നതാണ്. ഇവ മാറി മാറി കൃത്യമായ അളവിൽ ഉൾപ്പെടുത്തണം. കൊഴുപ്പ്, കലോറി, സോഡിയം എന്നിവയുടെ അളവ് വളരെ കുറവായ ഇവ ശരീരത്തിന്റെ മെറ്റബോളിസം കൃത്യമായി നിലനിർത്താൻ സഹായിക്കും.
ഫൈബർ, വിറ്റാമിൻ, പൊട്ടാസ്യം എന്നിവ ധാരാളമായി ഇത്തരം പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം രക്തസമ്മർദ്ധം നിയന്ത്രിക്കാൻ സഹായിക്കുന്ന പദാർത്ഥമാണ്. കോശങ്ങളുടെ കേടുപാടുകൾ തീർക്കാൻ സഹായിക്കുന്ന വിറ്റമിൻ സിയുടെ കലവറയാണ് ഓറഞ്ചും പേരക്കയും. മുറിവുകൾ ഉണക്കാൻ സഹായിക്കുന്ന ഘടവും സി വിറ്റമിനാണ്. കൂടാതെ മോണയുടെയും പല്ലിന്റെയും ആരോഗ്യം സംരക്ഷിക്കാനും ഇവ നമ്മെ സഹായിക്കും. വിറ്റമിൻ ബി ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിന് വളരെയേറെ സഹായിക്കും. പപ്പായ, ആപ്പിൾ, തണ്ണിമത്തൻ എന്നിവ വിറ്റാമിൻ ബിയുടെ പ്രധാന സ്രോതസ്സാണ്.
ജ്യൂസ് വേണ്ടേ വേണ്ട..
ഈ പഴങ്ങൾ ശരീരത്തിന് വളരെയേറെ ഗുണം ചെയ്യുമെങ്കിലും ജ്യൂസാക്കി കഴിക്കുന്നത് നല്ലതല്ല. ജ്യൂസാക്കി മാറ്റുമ്പോൾ ഫൈബർ മുഴുവനായും നഷ്ടപ്പെടുന്നു. ദഹനപ്രക്രിയ സുഗമമാക്കാനും കോളസ്‌ട്രോളിന്റെ സങ്കീർണ്ണതകൾ കുറയ്‌ക്കാനും ഫൈബറിന് കഴിയും. കൂടാതെ പ്രമേഹരോഗികളുടെ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിൽ ഫൈബർ സുപ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിനാവശ്യമായ പോഷകങ്ങളെല്ലാം ചേർന്ന ഭക്ഷണം കഴിക്കുന്നത് പ്രമേഹത്തിന്റെ സങ്കീർണ്ണതകളെ പടിക്ക് പുറത്താക്കാൻ രോഗികളെ സഹായിക്കും.