കണ്ണിന്റെ പ്രശ്‌നങ്ങൾക്കുള്ള പ്രധാന പരിഹാരമാണ് കണ്ണടകൾ. കണ്ണടകളിലെ ലെൻസുകളാണ് നമ്മെ ശരിയായ കാഴ്ചയ്‌ക്ക് സഹായിക്കുന്നത്. അതുകൊണ്ടു തന്നെ കണ്ണിന്റെ പ്രശ്‌നത്തിന് അനുസരിച്ച് ഡോക്ടർമാർ അനുയോജ്യമായ ലെൻസുകൾ നിർദ്ദേശിക്കും.
പണ്ട് കണ്ണിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും, ആരോഗ്യത്തിനും വേണ്ടിയാണ് എങ്കിൽ ഇന്ന് കണ്ണടകൾ ഫാഷന്റെ കൂടി ഭാഗമാണ്. അതുകൊണ്ടുതന്നെ കാഴ്ചയ്‌ക്ക് ആകർഷകമായ കണ്ണടകൾ ആണ് നാം തിരഞ്ഞെടുക്കാറ്. എന്നാൽ എല്ലാ കണ്ണടകളും നമുക്ക് ഒരു പോലെ ഉപയോഗിക്കാനാകുമോ?. കണ്ണടകൾ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
കണ്ണിനെ ആകർഷിക്കുന്ന കണ്ണടകൾ തിരഞ്ഞെടുക്കാതെ കണ്ണുകൾക്ക് അനുയോജ്യമായ കണ്ണടകൾ വേണം തിരഞ്ഞെടുക്കാൻ. അനുയോജ്യമല്ലാത്ത കണ്ണടകൾ നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. സ്ട്രസ്, തലവേദന തുടങ്ങിയ പ്രശ്‌നങ്ങളാകും ശരിയായ കണ്ണടകൾ ഉപയോഗിക്കാതിരുന്നാലുള്ള ഫലം. ഇതിന് പുറമേ കാഴ്ചയ്‌ക്കും പ്രശ്‌നമുണ്ടായേക്കാം. അതിനാൽ കണ്ണട തിരഞ്ഞെടുക്കുമ്പോൾ ഭാരം, രൂപം, പൊസിഷൻ എന്നിവ ശ്രദ്ധിക്കണം.
കണ്ണടയിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അതിലെ ലെൻസ് ആണ്. അതിനാൽ ലെൻസ് ശരിയാംവിധം വൃത്തിയാക്കണം. അല്ലെങ്കിൽ ലെൻസിൽ പറ്റിപ്പിടിച്ചിരിക്കുന്ന എണ്ണ മയവും, പൊടിയും കാഴ്ചയെ ബുദ്ധിമുട്ടിലാക്കും. തലവേദനയുൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളും ഇത് സൃഷ്ടിച്ചേക്കാം. അതിനാൽ ലെൻസ് അടിക്കടി തുടച്ച് വൃത്തിയാക്കണം.
സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങൾ ചർമ്മത്തിന് എന്ന പോലെ കണ്ണുകൾക്കും ദോഷമാണ്. അതിനാൽ ഇത്തരം രശ്മികളിൽ നിന്നും കണ്ണിനെ സംരക്ഷിക്കുന്ന കണ്ണടകൾ വേണം ഉപയോഗിക്കാൻ.
കണ്ണുകളുടെ പ്രശ്‌നങ്ങളെ തുടർന്ന് ഡോക്ടറുടെ നിർദ്ദേശ പ്രകാരം കണ്ണട വാങ്ങും എങ്കിലും പലരും ഇത് കൃത്യമായി ധരിക്കാറില്ല. കണ്ണടവച്ചാൽ മുഖത്തിന്റെ ഭംഗി നഷ്ടപ്പെടുമെന്നതുൾപ്പെടെയുള്ള നിരവധി കാരണങ്ങൾ കൊണ്ടാണ് ഇത്. എന്നാൽ കണ്ണട കൃത്യമായി ധരിക്കണം. ഇതിലൂടെ മാത്രമേ കണ്ണിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുകയുള്ളൂ.
കണ്ണടകൾ തിരഞ്ഞെടുക്കുമ്പോൾ ഫാഷൻ മാത്രം നോക്കി തിരഞ്ഞെടുക്കരുത്. ശരിക്കും പാകമായ ഫ്രെയിം വേണം തിരഞ്ഞെടുക്കാൻ. ഫ്രെയിം നെറ്റിയുടെ ഇരുവശങ്ങളിലും പറ്റിച്ചേർന്നിരിക്കരുത്. അമിത വലിപ്പമുള്ള ഫ്രെയിമുകൾ തിരഞ്ഞെടുക്കരുത്. ചെറിയ ഫ്രെയിമുകളാണ് അനുയോജ്യം.