ഫിഫ റാങ്കിംഗില്‍ അര്‍ജന്‍റീനക്കും നൈജീരിയക്കും മുന്നേറ്റം

0 644

ഫിഫ റാങ്കിംഗില്‍ അര്‍ജന്‍റീനക്കും നൈജീരിയക്കും മുന്നേറ്റം

സൂറിച്ച്: ഏറ്റവും പുതിയ ഫിഫ റാങ്കിംഗിൽ(FIFA Rankings) ബൽജിയം(Belgium) ഒന്നാം സ്ഥാനം നിലനിർത്തി. ബ്രസീലും(Brazil) ഫ്രാൻസുമാണ്(France) രണ്ടും മൂന്നും സ്ഥാനങ്ങളിൽ. യൂറോ കപ്പിലെ റണ്ണറപ്പുകളായ ഇംഗ്ലണ്ടിനെ മറികടന്ന് കോപ്പ അമേരിക്ക ചാമ്പ്യന്‍മാരായ അർജന്‍റീന(Argentina) നാലാം സ്ഥാനത്തെത്തിയതാണ് ആദ്യ പത്തിലെ പ്രധാന മാറ്റം. ലോകകപ്പ് യോഗ്യതാ റൗണ്ടിലടക്കം പരാജയമറിയാതെ 28 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതാണ് അര്‍ജന്‍റീനക്ക് നേട്ടമായത്.
ഇംഗ്ലണ്ട്, ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ, ഡെൻമാർക്ക്, നെതർലൻഡ്സ്, ജർമ്മനി എന്നിവരാണ് അഞ്ച് മുതൽ പതിനൊന്ന് വരെ സ്ഥാനങ്ങളിൽ. ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച പ്രകടനത്തോടെ നൈജീരിയ നാലു സ്ഥാനം മെച്ചപ്പെടുത്തി 32-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
25 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിം ഗാംബിയ ആണ് റാങ്കിംഗില്‍ കുതിച്ചുച്ചാട്ടം നടത്തിയ ടീം. 150-ാം റാങ്കില്‍ നിന്നാണ് ഗാംബിയ പുതിയ റാങ്കിംഗില്‍ 125-ാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലെ കുതിപ്പാണ് ഗാംബിയക്ക് നേട്ടമായത്. 21-ാം റാങ് നിലനിര്‍ത്തിയ ഇറാനാണ് ഏഷ്യയില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ടീം.
ആഫ്രിക്കയില്‍ നിന്ന് സെനഗലും മൊറോക്കോയുമാണ് നൈജീരയയെക്കാള്‍ മുന്നിലുള്ള ടീമുകള്‍. പുതിയ റാങ്കിംഗില്‍ ഇന്ത്യ 104-ാം സ്ഥാനം നിലനിര്‍ത്തി. അടുത്തമാസം ബഹ്റിനെതിരെയും ബെലാറസിനെതിരയും രാജ്യാന്തര സൗഹൃദ മത്സരത്തിനിറങ്ങുന്ന നീലപ്പടക്ക് ജയിക്കാനായാല്‍ റാങ്കിംഗ് മെച്ചപ്പെടുത്താനാവും. മാര്‍ച്ച് 23നും 26നും ബഹ്റിനിലെ മനാമയിലാണ് സൗഹൃദ മത്സരങ്ങള്‍ നടക്കുക.
ജൂണില്‍ നടക്കുന്ന എഎഫ്‌സി കപ്പ് ഏഷ്യന്‍ കപ്പ് മൂന്നാ റൗണ്ട് യോഗ്യതാ മത്സരങ്ങളുടെ തയാറെടുപ്പിന്‍റെ ഭാഗമായാണ് ഇന്ത്യ സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നത്. 2023ല്‍ ചൈനയിലെ മെയിന്‍ലാന്‍ഡില്‍ നടക്കുന്ന ഏഷ്യാ കപ്പിന് യോഗ്യത നേടുക എന്നാതാണ് ഇന്ത്യന്‍ ടീമിന് മുന്നിലെ പുതിയ ദൗത്യം. മാര്‍ച്ച്  31നാണ് അടുത്ത ഫിഫ റാങ്കിംഗ് പുറത്തിറക്കുക.