‘അരികെ, ഉയരെ’ പഠന സഹായി വിതരണോദ്ഘാടനം ചെയ്തു

0 879

വെള്ളമുണ്ടഃഹയര്‍ സെക്കണ്ടറി, എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനും പൊതുപരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം നേടുന്നതിനും സഹായകരമായി ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ അരികെ, ഉയരെ പരീക്ഷാ പഠന സഹായിയുടെ വെള്ളമുണ്ട ഡിവിഷൻ തല വിതരണോദ്ഘാടനം നിർവഹിച്ചു.വെള്ളമുണ്ട ജി.എം.എച്ച്‌.എസ്.സ്കൂളിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ പി.സി തോമസ് അധ്യക്ഷത വഹിച്ചു. എം.മുരളീധരൻ ,ടി.വി എൽദോസ് ,സി.കെ അഷ്‌കർ. തുടങ്ങിയവർ സംസാരിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസന്‍സ് കൗണ്‍സിലിംഗ് സെല്ലിന്റെയും ഡയറ്റിന്റയും സഹകരണത്തോടെയാണ് ജില്ലാ പഞ്ചായത്ത് പഠന സഹായി തയ്യാറാക്കിയത്. ഇതിനായി പഠന സഹായി ജില്ലാ തല നിര്‍മ്മാണ ശില്പശാലയും നടത്തിയിരുന്നു. പൊതു പരീക്ഷകള്‍ക്ക് മുന്നോടിയായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്ത്വത്തില്‍ ഹയര്‍ സെക്കണ്ടറി, എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലയിലാകെ ക്യാമ്പുകള്‍ നടക്കുന്നുണ്ട്. ക്യാമ്പുകളില്‍ പഠന സഹായി ഉപയോഗിച്ച് പഠനം എളുപ്പമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചത്.

5000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടും അല്ലാത്തവര്‍ക്ക് പഠന സഹായിയുടെ പിഡിഎഫ് ഫയലായും നല്‍കി ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപെടുന്ന രീതിയിലാണ് ജില്ലാ പഞ്ചായത്ത് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.