ഇ വെളളത്തിലും കരയിലും ഒരേ പോലെ സഞ്ചരിച്ച് കാഴ്ചകള്‍ ആസ്വദിക്കാം; ‘ആംഫിബീയസ് ബസ്’ സര്‍വീസുമായി സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: വെളളത്തിലൂടെയും കരയിലൂടെയും ഓടുന്ന ബസ്. കേള്‍ക്കുമ്ബോള്‍ കൗതുകം തോന്നാം. 2021 ഓടേ കരയിലൂടെയും വെളളത്തിലൂടെയും ഓടുന്ന ആംഫിബീയസ് ബസിനെ സംസ്ഥാനത്ത് അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് കേരള സര്‍ക്കാര്‍. പാണവളളിയിലൂടെ ചേര്‍ത്തലയെയും വൈക്കത്തെയും ബന്ധിപ്പിച്ചുകൊണ്ട് സര്‍വീസ് നടത്താനാണ് ആലോചന. മുഹമ്മ- കുമരകം റൂട്ടും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
ഇതുമായി ബന്ധപ്പെട്ട സാധ്യത പഠനം പൂര്‍ത്തിയായി. ഇതനുസരിച്ച് ചെലവേറിയ ആംഫിബീയസ് ബസ് വാങ്ങാന്‍ വേണ്ട നടപടികളുമായി മുന്നോട്ടുപോകാന്‍ ജലവിഭവ വകുപ്പിന് അനുമതി നല്‍കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ടൂറിസത്തിന് പ്രാധാന്യമുളള കേരളത്തില്‍ ആംഫിബീയസ് ബസ് വിജയമാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
ആംഫിബീയസ് ബസ് ഇറക്കുമതി ചെയ്യാന്‍ വലിയ ചെലവ് വേണ്ടി വരും. അതുകൊണ്ട് സാങ്കേതികവിദ്യ കൈമാറി, ഇന്ത്യയില്‍ തന്നെ ബസ് നിര്‍മ്മിക്കാന്‍ കഴിയുമോ എന്ന സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന ബസിന് 12 കോടി രൂപയുടെ ചെലവ് വരുമെന്നാണ് മറ്റു സംസ്ഥാനങ്ങളിലെ അനുഭവങ്ങള്‍ നല്‍കുന്ന പാഠം. അതുകൊണ്ട് 6.5 കോടി രൂപയ്ക്ക് ഇത് ലഭ്യമാക്കാനുളള സാധ്യതയാണ് പരിശോധിക്കുന്നത്.
പദ്ധതിക്കായി ഭരണാനുമതി തേടിയിരിക്കുകയാണ് ജലവിഭവ വകുപ്പ്. ആംഫിബീയസ് ബസ് സര്‍വീസ് നടത്തുന്നതിന് പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അനുമതി ലഭിക്കാന്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ജലവിഭവ വകുപ്പെന്ന് ഡയറക്ടര്‍ ഷാജി വി നായര്‍ പറഞ്ഞു.
ഗോവയിലും മഹാരാഷ്ട്രയിലും പഞ്ചാബിലും ആംഫിബീയസ് ബസ് സര്‍വീസ് അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു.നടപടിക്രമങ്ങളില്ലേ കാലതാമസം മൂലം ഗോവയിലും മുംബൈയിലും പദ്ധതി തടസ്സപ്പെട്ടു. പഞ്ചാബില്‍ ആംഫിബീയസ് ബസ് അവതരിപ്പിച്ചുവെങ്കിലും പദ്ധതി പിന്നീട് ഉപേക്ഷിക്കേണ്ടി വന്നു. 11 കോടി ചെലവഴിച്ച് ആരംഭിച്ച പദ്ധതിയില്‍ നിന്ന് നിസാര വരുമാനമാണ് ലഭിച്ചത്. ഒന്നരവര്‍ഷം കൊണ്ട് 70000 രൂപ മാത്രം. പത്തു ദിവസം മാത്രമാണ് സര്‍വീസ് നടത്താന്‍ സാധിച്ചത്. അതിനാല്‍ പഞ്ചാബില്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.