വരും, ആരോഗ്യ ഗവേഷണത്തിലും കേരളമോഡല്‍

0 133

 

 

 

തിരുവനന്തപുരം: ആരോഗ്യമേഖലയിലെ ഗവേഷണത്തിലും കേരളമോഡല്‍ സൃഷ്ടിക്കാന്‍ ആരോഗ്യവകുപ്പ് ശ്രമംതുടങ്ങി. ഗവേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധം, ജീവിതശൈലീരോഗ നിയന്ത്രണം തുടങ്ങി സംസ്ഥാനത്തിന് ഇണങ്ങുംവിധം ആരോഗ്യപദ്ധതികള്‍ ആവിഷ്‌കരിക്കും.

ലഭ്യമായ ആരോഗ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജുകളും മറ്റു സ്വയംഭരണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുമാത്രമാണ് ഇപ്പോള്‍ ഗവേഷണങ്ങള്‍. ഇതാകട്ടെ ആരോഗ്യവകുപ്പ് വേണ്ടവിധം പ്രയോജനപ്പെടുത്തുന്നുമില്ല. ആരോഗ്യവകുപ്പ് നേരിട്ട് ഗവേഷണങ്ങള്‍ നടത്താത്തത് ശരിയായ ആസൂത്രണത്തിനു തടസ്സമാകുന്നുണ്ട്.

ജീവിതശൈലീരോഗങ്ങളും നിപ അടക്കമുള്ള പകര്‍ച്ചവ്യാധികളും ചികിത്സിച്ചും ദുരന്തങ്ങള്‍ നേരിട്ടും ആരോഗ്യവകുപ്പിന് മതിയായ പരിചയമുണ്ട്. വര്‍ഷാവര്‍ഷം ശേഖരിക്കുന്ന വിവരങ്ങള്‍ സൂക്ഷിക്കുകയും ആവശ്യമായവ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനുകീഴിലുള്ള ഏജന്‍സികള്‍ക്കു കൈമാറുകയും ചെയ്യുകയാണു പതിവ്.

ഇതില്‍ ചുരുക്കംചില വിവരങ്ങള്‍ വെബ്‌സൈറ്റ് വഴി പ്രസിദ്ധപ്പെടുത്താറുണ്ട്. പല വിവരങ്ങളും വിവരാവകാശ നിയമപ്രകാരമല്ലാതെ മാധ്യമങ്ങള്‍ക്കുപോലും കിട്ടില്ല. ഇങ്ങനെ കെട്ടിവെക്കുന്ന വിവരശേഖരം ക്രിയാത്മകമായി ഉപയോഗിക്കാനാണ് ഇപ്പോള്‍ തീരുമാനം.

ഏകോപനത്തിന് സമിതി

ഗവേഷണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നോഡല്‍ ഏജന്‍സിയായി സംസ്ഥാന ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററിനെ നിയോഗിക്കും. വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍, ദേശീയാരോഗ്യ ദൗത്യം ഡയറക്ടര്‍, ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഗവേഷണവിഷയങ്ങള്‍ തീരുമാനിക്കുക. ഗവേഷണത്തിനുള്ള സംസ്ഥാനതല റിസോഴ്‌സ് സംഘത്തിനും ഈ സമിതി നേതൃത്വംനല്‍കും.

യോഗ്യരായ ജീവനക്കാരെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ ഡയറക്ടറേറ്റ് നിയോഗിക്കും. ശ്രീചിത്രയ്ക്കുകീഴിലെ അച്യുതമേനോന്‍ സെന്റര്‍, മെഡിക്കല്‍ കോളേജുകള്‍, സര്‍വകലാശാലകള്‍, മറ്റു പ്രമുഖസ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്നാകും പ്രവര്‍ത്തനങ്ങള്‍.

പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, സ്റ്റാഫ് നഴ്‌സ് തുടങ്ങി മുതിര്‍ന്ന മെഡിക്കല്‍ ഓഫീസര്‍മാരെവരെ പങ്കെടുപ്പിച്ചാകും ഗവേഷണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവയെയെല്ലാം ഉള്‍പ്പെടുത്തി ഗവേഷണ പദ്ധതികള്‍ തയ്യാറാക്കും. തെളിവുകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിലുള്ള ഗവേഷണങ്ങള്‍ക്കാണു പ്രോത്സാഹനം നല്‍കുക.