വസ്തു മക്കള്‍ക്ക്; കിണറ്റിലെ വെള്ളം നാട്ടുകാര്‍ക്ക്

0 385

 

 

ഈരാറ്റുപേട്ട (കോട്ടയം): വെള്ളത്തിന്റെ പേരില്‍ ഈ നാട്ടില്‍ യുദ്ധമല്ല, സാഹോദര്യമാണുള്ളത്. സ്വന്തം ഭൂമിയിലെ കിണര്‍വെള്ളം മറ്റുള്ളവര്‍ക്കുവേണ്ടി മാറ്റിവെച്ച മൂന്നു കുടുംബങ്ങളെ കാണാം ഇവിടെ ഈരാറ്റുപേട്ടയില്‍.

കിണറ്റിലെ കുടിവെള്ളം പങ്കുവെക്കുന്നതില്‍ ആദ്യം മാതൃകയായത് ഈരാറ്റുപേട്ട മാങ്കുഴക്കല്‍ പരേതനായ അലി സാഹിബ്. നാട്ടുകാരായ കണ്ടത്തില്‍ കെ.എം. മുഞ്ഞുമുഹമ്മദ് സഹാബും ചെറിയവല്ലം തമ്ബി ഹാജിയും ഇന്ന് ഇതേ പാത പിന്‍തുടരുകയാണ്.

പതിറ്റാണ്ടുകള്‍ക്ക് മുന്പ് മാങ്കുഴക്കല്‍ വീട്ടില്‍ കിണര്‍ കുഴിച്ച നാള്‍മുതല്‍ നാട്ടുകാര്‍ക്ക് ആ കിണര്‍വെള്ളമായിരുന്നു ആശ്രയം. അതുകൊണ്ട് വര്‍ഷങ്ങള്‍ക്ക് മുന്പ് ഭൂസ്വത്തുക്കള്‍ മക്കളുടെ പേരില്‍ എഴുതിവെക്കുമ്ബോഴും കിണര്‍നിന്ന ഭാഗംമാത്രം ആരുടെ പേരിലും എഴുതിച്ചേര്‍ത്തില്ല അലി സാഹിബ്.
കുട്ടിക്കാലം മുതല്‍ നാട്ടുകാരുടെ ആശ്രയമായ കിണര്‍ മരണശേഷവും അങ്ങനെത്തന്നെയാവട്ടേയെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനിന്നും മാറ്റമില്ല. എണ്‍പതോളം മോട്ടോറുകളുണ്ട് ഈ കിണറില്‍. 500 മീറ്റര്‍ ചുറ്റളവിലുള്ള നൂറില്‍പ്പരം കുടുംബങ്ങളിലേക്കാണ് വെള്ളമെത്തുന്നത്. സത്യത്തില്‍ കിണര്‍ ഇപ്പോള്‍ നാട്ടുകാരുടേതാണ്!

മുഞ്ഞുമുഹമ്മദ് സഹാബിന്റെയും തമ്ബി ഹാജിയുടെയും കിണറുകളിലുമുണ്ട് കാരുണ്യത്തിന്റെ കുളിര്‍വെള്ളം. അതും നാട്ടുകാര്‍ക്കുതന്നെ. കണ്ടത്തില്‍ കിണറില്‍ 20-ഉം ചെറിയവല്ലം കിണറ്റില്‍ 25-ഉം മോട്ടോറുകള്‍ സമീപവാസികളുടേത്! ആര്‍ക്കും വെള്ളമെടുക്കാം, കിണര്‍ വൃത്തിയായി സൂക്ഷിക്കണമെന്നുമാത്രം. കിണറ്റിലെ വെള്ളം മുഴുവന്‍ തീര്‍ന്നാലും പേടിക്കാനില്ലെന്ന് നാട്ടുകാര്‍. അരമണിക്കൂര്‍ കാത്തിരുന്നാല്‍ ഒരുടാങ്കിലേക്കുള്ള വെള്ളം വീണ്ടുംകിണറ്റിലെത്തിയിരിക്കും.

പ്രായാധിക്യത്താല്‍ വീടുകളില്‍ വിശ്രമത്തിലാണ് മുഞ്ഞുമുഹമ്മദ് സഹാബും തമ്ബി ഹാജിയും. അപ്പോഴും തങ്ങളുടെ കിണറില്‍നിന്ന്‌ വെള്ളം പല വീടുകളിലെത്തി ദാഹമകറ്റുന്നതറിയുമ്ബോള്‍ മനസ്സില്‍ ചെറുചിരി വിടരുന്നു. ജലംപോലെ ശുദ്ധമായ സ്നേഹത്തിന്റെ ചിരി.