അസം സ്വദേശിയായ കുഞ്ഞ് നേരിട്ടത് മൃഗീയ പീഡനം: മെഡിക്കൽ ബോർഡ്

0 3,246

മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പരുക്കേറ്റ് കഴിയുന്ന അസം സ്വദേശിയായ കുഞ്ഞ് നേരിട്ടതു സമാനതകളില്ലാത്ത മൃഗീയ പീഡനമെന്ന് മെഡിക്കൽ ബോർഡ്. ലൈംഗിക അതിക്രമത്തിന്റെ തെളിവുകളും കുട്ടിയുടെ ശരീരത്തിലുണ്ട്. രഹസ്യഭാഗത്ത് കത്തിയുടെ പിടി കുത്തിക്കയറ്റിയതായി കുട്ടി ഡോക്ടർമാരെ അറിയിച്ചിട്ടുണ്ട്.

ഇതു കൂടാതെ നേരത്തെ സംഭവിച്ച പൊട്ടലുകളും മുറിവുകളും മെഡിക്കൽ ബോർഡ് കണ്ടെത്തി. ലൈംഗിക പീഡനം സംബന്ധിച്ച് വിശദമായ പരിശോധന നടത്തി റിപ്പോർട്ട് നൽകും.ഇതിന് ഇനിയും പരിശോധന വേണമെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി. കുട്ടിയെ പട്ടിണിക്കിട്ടിരുന്നതായി ശരീരത്തിലെ പോഷകാഹാരത്തോത് സൂചിപ്പിക്കുന്നു. 10 കിലോഗ്രാം മാത്രമാണ്  തൂക്കം.

കേസ് അന്വേഷിക്കുന്ന മൂവാറ്റുപുഴ പൊലീസ് സംഘം  മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലുകൾ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിന്റെ അച്ഛനെയും രണ്ടാനമ്മയെയും വീണ്ടും വിശദമായി ചോദ്യം ചെയ്യും.

കുഞ്ഞിന്റെ പ്രായം കണ്ടെത്തുന്നതിനു നടത്തിയ അസ്ഥി പരിശോധനയിൽ കൈ, തുടയെല്ല് എന്നിവിടങ്ങളിൽ പൊട്ടലുകൾ കണ്ടെത്തിയിരുന്നു. ഇതോടെ കുഞ്ഞിന് വിശദമായ സ്കാനിങ് പരിശോധന നടത്തി. തലയോട്ടി, കൈ, കൈ വിരൽ, വാരിയെല്ല് എന്നിവയ്ക്ക് പൊട്ടലുണ്ടെന്നും  ബോധ്യപ്പെട്ടു. മിക്ക പരുക്കുകൾക്കും ചികിത്സ ലഭിച്ചിട്ടില്ല. പൊട്ടലുകളും ഒടിവുകളും തനിയെ മുറി കൂടിയ നിലയിലാണ്. കുഞ്ഞിന്റെ പ്രായം 3 വയസും 6 മാസവും ആണെന്നും പരിശോധനയിൽ തെളിഞ്ഞു.

കാലിലെ അസ്ഥിയിലെ പൊട്ടൽ കാല് ആരോ ബലമായി പിടിച്ച് പിരിക്കുമ്പോൾ ഉണ്ടാകുന്ന വിധമാണ്. മാനസിക വിഭ്രാന്തിയുള്ള ഒരാൾ കുഞ്ഞിനോട് കാട്ടുന്ന ക്രൂരതയ്ക്ക് സമാനമാണ് പരുക്കുകൾ എന്നാണ് കണ്ടെത്തൽ.