ബൈക്കപകടത്തിൽ പരിക്കേറ്റ് കിടന്ന യുവാവിന് രക്ഷകനായി അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

0 444

ബൈക്കപകടത്തിൽ പരിക്കേറ്റ് കിടന്ന യുവാവിന് രക്ഷകനായി അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

ഇരിട്ടി: ബൈക്ക് തെന്നിമാറി റോഡിൽ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു ചോരവാർന്ന് കിടന്ന യുവാവിന് രക്ഷകരായി ഇരിട്ടി അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വി.പി. ശ്രീജേഷും , ഡ്രൈവർ എം.കെ. ശ്രീജിത്തും. ഇരിട്ടി – ഉളിക്കൽ റോഡിൽ പുതുശ്ശേരിയിൽ ആയിരുന്നു അപകടം.
വ്യാഴാഴ്ച വൈകുന്നേരം ഔദ്യോഗിക ആവശ്യത്തിന് ഉളിക്കലിൽ പോയി തിരിച്ചു വരുന്നതിനിടയിലാണ് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി പി. ശ്രീജേഷും ഡ്രൈവർ എം. കെ. ശ്രീജിത്തും പുതുശ്ശേരിയിലെ റോഡരികിൽ തലക്ക്‌ പരിക്കേറ്റ് രക്തം വാർന്ന് കിടക്കുന്ന ജെയിംസിനെ കാണുന്നത്. നിരവധി യാത്രക്കാർ ഇതുവഴി കടന്നു പോവുകയും ഇവിടെ കൂടിനിൽക്കുകയും ചെയ്‌തെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ ഇവരാരും യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചില്ല.
ഇതിനിടയിലാണ്അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എത്തിയതും ഡിപ്പാർട്ട്മെൻറ് വാഹനത്തിൽ ഇയാളെ കയറ്റി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതും. സഹായിക്കാനോ ആശുപത്രിയിലേക്ക് വരാൻപോലുമോ അവിടെ ഉണ്ടായിരുന്നവർ ആരും തയാറായതുമില്ല. ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കൃത്യസമയത്ത് എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതായി ആശുപത്രി അധികൃതർ പറഞ്ഞു.
പരിക്കേറ്റ ആളുടെ കോവിഡ് പരിശോധനാഫലം വരുന്നതുവരെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ഡ്രൈവറും നിരീക്ഷണത്തിൽ പോയി. കോവിഡിനെ പോലും മറന്ന് ഒരാളുടെ ജീവൻ രക്ഷിച്ച അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ നിരവധിപേർ അഭിനന്ദനമറിയിച്ചു