അതിര്‍ത്തി തുറന്ന് കര്‍ണാടക ; ചെക്ക്‌പോസ്റ്റില്‍ ഡോക്ടറെ നിയമിച്ചു; രോഗികളെ കടത്തിവിടുക പരിശോധനയ്ക്ക് ശേഷം
കാസര്‍കോട് : കാസര്‍കോട് അതിര്‍ത്തിയിലെ ദേശീയപാത കര്‍ണാടക തുറന്നു. തലപ്പാടിയിലെ അതിര്‍ത്തിയാണ് തുറന്നത്. ഇതിലൂടെ രോഗികളെ മംഗലൂരുവിലേക്ക് കടത്തിവിടാന്‍ കര്‍ണാടക നടപടികള്‍ ആരംഭിച്ചു. ഗുരുതര രോഗികളെ കടത്തിവിടാനാണ് തീരുമാനം. കേരള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടക അതിര്‍ത്തി തുറന്നത്.
അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ കര്‍ണാടക ഡോക്ടറെ നിയമിച്ചു. വെന്‍ലോക്ക് ആശുപത്രിയിലെ ഡോക്ടറെയാണ് ചെക്ക്‌പോസ്റ്റില്‍ നിയമിച്ചത്. ഡോക്ടര്‍ പരിശോധിച്ച് അനുമതി നല്‍കിയാലാണ് കര്‍ണാടകയിലേക്ക് പ്രവേശനം അനുവദിക്കുക.
രോഗിക്കൊപ്പം ഒരു ബന്ധുവിനും ആശുപത്രിയിലേക്ക് പോകാം. ദേശീയപാത തുറക്കുന്നതിനോട് അനുബന്ധിച്ച് അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസിനെ കര്‍ണാടക വിന്യസിച്ചു. ബാരിക്കേഡുകളുടെ എണ്ണം കുറക്കുകയും ചെയ്തിട്ടുണ്ട്.
കോവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് അടച്ച കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് കേരള ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. കാസര്‍കോട്- മംഗളൂരു ദേശീയ പാത തുറക്കണമെന്നും അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ക്ക് മംഗളൂരുവിലേക്ക് യാത്ര അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ സര്‍ക്കാരുകള്‍ക്കും ഉത്തരവാദിത്തമുണ്ട്. കേരള ഹൈക്കോടതിയുടെ ഉത്തരവ് അനുസരിക്കാന്‍ കര്‍ണാടക ബാധ്യസ്ഥരാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.