അര്‍ധ അതിവേഗ തീവണ്ടിപ്പാത: വിശദപദ്ധതി റിപ്പോര്‍ട്ട് അടുത്ത മാസം കൈമാറും

0 77

 

കണ്ണൂര്‍: അര്‍ധ അതിവേഗ റെയില്‍പ്പാതയുടെ ഇരുവശത്തുമുള്ള സ്ഥലം ഉടമകളെക്കുറിച്ചുള്ള വിവരം റവന്യൂവകുപ്പിനു നല്‍കാന്‍ സര്‍വേ നമ്ബര്‍ തേടുന്നു. ഇതിന്റെ ഡിജിറ്റല്‍ പകര്‍പ്പിനായി കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍(കെ.ആര്‍.ഡി.സി.എല്‍.) ഏജന്‍സിയെ ചുമതലപ്പെടുത്തി.

ഏജന്‍സിയായ കേരള സ്‌റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ (കെ.എസ്.ആര്‍.ഇ.സി.) മാര്‍ച്ചില്‍ സര്‍വേ വിവരം നല്‍കുമെന്ന് കെ.ആര്‍.ഡി.സി.എല്‍. എം.ഡി. വി. അജിത്കുമാര്‍ പറഞ്ഞു. അതിനുശേഷം സര്‍ക്കാര്‍ഭൂമി ഏറ്റെടുക്കുന്നതിന്റെ ഉത്തരവും മാര്‍ച്ച്‌ അവസാനത്തോടെ വിശദപദ്ധതി റിപ്പോര്‍ട്ടും (ഡി.പി.ആര്‍.) തയ്യാറാക്കും. ഫ്രഞ്ച് കണ്‍സള്‍ട്ടന്‍സി കമ്ബനിയായ സിസ്ട്രയ്ക്കാണു ചുമതല.
സില്‍വര്‍ ലൈനിന്റെ തിരുവനന്തപുരം-എറണാകുളം സെക്‌ഷനില്‍ അലൈന്‍മെന്റ് പൂര്‍ത്തിയായി. എറണാകുളം മുതല്‍ കാസര്‍കോട് വരെ ഈ മാസം പൂര്‍ത്തിയാക്കും. ഹൈദരാബാദിലെ ജിയോനോ കമ്ബനി നടത്തിയ ആകാശ സര്‍വേയുടെ അടിസ്ഥാനത്തിലാണ് അലൈന്‍മെന്റ് നിശ്ചയിച്ചത്. പാളത്തിന് 25 മീറ്റര്‍ ഇരുവശവും വിട്ടുള്ള സ്ഥലത്തിന്റെ അലൈന്‍മെന്റ് റിപ്പോര്‍ട്ട് കെ.എസ്.ആര്‍.ഇ.സി.ക്കു കൈമാറും.

അവരുടെ കൈവശമുള്ള ഡിജിറ്റല്‍ വിവരത്തില്‍നിന്ന് കോറിഡോറിലെ സ്ഥലസര്‍വേ നമ്ബര്‍ നല്‍കും. സര്‍വേ നമ്ബറും അലൈന്‍മെന്റും സര്‍ക്കാരിനു സമര്‍പ്പിച്ചശേഷം മാര്‍ച്ച്‌ അവസാനത്തോടെ വിശദപദ്ധതി റിപ്പോര്‍ട്ട് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറും. കേന്ദ്രസര്‍ക്കാരാണ് ഇതിന് അവസാന അനുമതി നല്‍കേണ്ടത്. ഈവര്‍ഷംതന്നെ നിര്‍മാണം ആരംഭിക്കാനും 2024-ല്‍ പൂര്‍ത്തിയാക്കാനുമാണ് ലക്ഷ്യം.

575 കിലോമീറ്റര്‍, 1226 ഹെക്ടര്‍ ഭൂമി

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ അര്‍ധ അതിവേഗ തീവണ്ടി ഓടിക്കാന്‍ 575 കിലോമീറ്ററിലാണ് ആകാശസര്‍വേ നടത്തിയത്. സാധ്യതാ പഠനറിപ്പോര്‍ട്ട് പ്രകാരം 1226 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. നിലവിലുള്ള റെയില്‍വേ ലൈനിന് സമാന്തരമായിപോകുന്ന ഭാഗത്ത് റെയില്‍വേക്കുള്ള അധികഭൂമി പദ്ധതിക്ക് ഉപയോഗിക്കാമെന്ന് റെയില്‍വേ മന്ത്രാലയം സമ്മതിച്ചിരുന്നു. 200 ഹെക്ടര്‍ഭൂമി ഇങ്ങനെ കിട്ടും.

Get real time updates directly on you device, subscribe now.