കാർഷിക സർവകലാശാലയിലെ അതിക്രമം: കുറ്റക്കാർക്കെതിരെ ഉടൻ നടപടി വേണം; ഡി ജി പിക്ക് മന്ത്രിയുടെ നിർദ്ദേശം

0 834

തൃശൂർ: മണ്ണുത്തി കാർഷിക സർവകലാശാല ക്യാമ്പസിൽ കഴിഞ്ഞ ദിവസം രാത്രിയിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനികളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയവർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് കൃഷി മന്ത്രി പി പ്രസാദ് കേരള പോലീസ് ഡയറക്ടർ ജനറലിന് നിർദേശം നൽകി. ഇക്കഴിഞ്ഞ 24 ന്  രാത്രിയിലാണ് അക്രമികൾ ക്യാമ്പസിൽ അതിക്രമിച്ച് കയറിയത്. വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവരെ അസഭ്യം പറയുകയും ജീവന് ഹാനി ഉണ്ടാക്കുന്ന രീതിയിൽ ആക്രമിക്കുകയും ചെയ്തത് ക്യാമ്പസിലാകെ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. അക്രമികൾക്ക് മാതൃകാപരമായ ശിക്ഷ നടപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

ഇന്നലെ രാത്രിയാണ്‌  മണ്ണുത്തി കാർഷിക സർവ്വകലാശാല ക്യാംപസ്സിൽ സംഭവം നടന്നത്. കോളേജ് ക്യാമ്പസിൽ കയറി കത്തി വീശി ഭീഷണി മുഴക്കി യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വിദ്യാർഥിനികൾ ഉൾപ്പടെയുള്ളവർക്കു നേരെയായിരുന്നു പരാക്രമം. തോട്ടപ്പടി സ്വദേശി നൗഫലും സുഹൃത്ത് അജിതുമാണ് പരാക്രമം നടത്തിയത്. മണ്ണുത്തി പൊലീസെത്തി പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പ്രതികൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറയുന്നു.