അട്ടപ്പാടി മധു കൊലപാതകം; വിചാരണാ നടപടികള്‍ നേരത്തെയാക്കി
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ വിചാരണാ നടപടികള്‍ നേരത്തെയാക്കി. കേസ് ഈ മാസം 18ന് പരിഗണിക്കും. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് നടപടി. നേരത്തെ മാര്‍ച്ച് 26ലേക്കാണ് കേസ് മാറ്റിയിരുന്നത്. അതേസമയം കേസിലെ പ്രതികള്‍ക്ക് ഡിജിറ്റല്‍ തെളിവുകളുടെ കോപ്പികള്‍ കൈമാറി.
കേസിന്റെ ആദ്യ രൂപത്തില്‍ പൊലീസ് ചാര്‍ജ് ഷീറ്റിനൊപ്പം നല്‍കേണ്ടിയിരുന്ന മുഴുവന്‍ ഡിജിറ്റല്‍ രേഖകളുടെയും കോപ്പി പ്രതികള്‍ക്ക് നല്‍കിയിരുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള ഈ തെളിവുകളുടെ രേഖകള്‍ ഓരോരുത്തര്‍ക്കും ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ തെളിവുകളുടെ കോപ്പി നല്‍കിയതിന് ശേഷമേ വിചാരണ പുനരാരംഭിക്കാനാകൂ എന്നും കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാനും ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യാനുമൊക്കെയുള്ള നടപടി ക്രമങ്ങളിലേക്ക് കടക്കാനാകൂവെന്നും പ്രോസിക്യൂട്ടര്‍ വിമര്‍ശനം നേരിട്ട ഘട്ടത്തില്‍ പറഞ്ഞിരുന്നു. പൊലീസ് ഇതുവരെ ആ കോപ്പികള്‍ നല്‍കിയിട്ടില്ല. ഇതിന് കാലതാമസം നേരിടുകയാണെന്നുമായിരുന്നു പ്രോസിക്യൂട്ടര്‍ പറഞ്ഞത്.
2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടമര്‍ദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്.നാലു വര്‍ഷമായിട്ടും കേസിന്റെ വിചാരണ നടപടികള്‍ വൈകുന്നതില്‍ മധുവിന്റെ കുടുബം കടുത്ത അതൃപ്തിയിലാണ്. മുക്കാലി പൊട്ടിക്കല്‍ ഗുഹയില്‍ കഴിഞ്ഞിരുന്ന മധു 2018 ഫെബ്രുവരി 22 നാണ് ആള്‍ക്കൂട്ടത്തിന്റെ വിചാരണയ്ക്കും മര്‍ദനത്തിനും ഇരയായത്.
കേസിലാകെ പതിനാറു പ്രതികളാണുള്ളത്. മേച്ചേരിയില്‍ ഹുസൈന്‍, കിളയില്‍ മരയ്ക്കാര്‍, പൊതുവച്ചോലയില്‍ ഷംസുദ്ദീന്‍, താഴുശേരില്‍ രാധാകൃഷ്ണന്‍, വിരുത്തിയില്‍ നജീവ്, മണ്ണമ്പറ്റയില്‍ ജെയ്ജുമോന്‍, കരിക്കളില്‍ സിദ്ദിഖ്, പൊതുവച്ചോലയില്‍ അബൂബക്കര്‍ എന്നിവരാണ് കേസിലെ മുഖ്യപ്രതികളും മര്‍ദിച്ചവരും. കൊലപാതകക്കുറ്റവും പട്ടികവര്‍ഗ പീഡന നിരോധന നിയമവുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.