ആറ്റുകാൽ ഭഗവതി ക്ഷേത്രം- ATTUKAL BAGAVATHY TEMPLE THIRUVANANTHAPURAM

ATTUKAL BAGAVATHY TEMPLE THIRUVANANTHAPURAM

0 215

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ ഒരു ക്ഷേത്രമാണ് ആറ്റുകാൽ ശ്രീഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ നിന്നും 2 കിലോമീറ്റർതെക്കുമാറി കരമനയാറിന്റെയും കിളളിയാറിന്റെയും സംഗമസ്ഥലത്ത് നിലകൊള്ളുന്നു. ആദിപരാശക്തിയുടെ മാതൃഭാവ മായ ശ്രീഭദ്രകാളിയാണ് “ആറ്റുകാലമ്മ” എന്നറിയപ്പെടുന്നത്. കണ്ണകി, അന്നപൂർണേശ്വരി ഭാവങ്ങളിലും സങ്കല്പിക്കാറുണ്ട്.

ചിരപുരാതനമായ ഈ ക്ഷേത്രം “സ്ത്രീകളുടെ ശബരിമല” എന്നാണ്‌ അറിയപ്പെടുന്നത്‌ . ഇവിടുത്തെ അതിപ്രധാനമായ ഉത്സവമാണ്‌ “പൊങ്കാല മഹോത്സവം”. കേരളത്തിലെ ആദ്യത്തെ പൊങ്കാല  ഉത്സവം ആയിട്ടാണ് ആറ്റുകാൽ പൊങ്കാല കണക്കാക്കപ്പെടുന്നത്. കുംഭമാസത്തിൽ കാർത്തിക നാളിൽ ആരംഭിച്ച്‌ പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളിൽ പ്രധാനം പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്‌ അന്നേ ദിവസം ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 20 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും. അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി. പൊങ്കാല ഇട്ടാൽ ആപത്തുകൾ ഒഴിഞ്ഞു ആഗ്രഹി ക്കുന്ന കാര്യം നടക്കുമെന്നും ഒടുവിൽ മോക്ഷം ലഭിക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു.

പേരിനു പിന്നിൽ

ദ്രാവിഡക്ഷേത്രങ്ങളെ കല്ല് എന്ന് വിളിച്ചിരുന്നു. ആറ്റിൽ, അല്ലെങ്കിൽ അതിന്റെ സംഗമസ്ഥലത്ത് സ്ഥാപിക്കപ്പെട്ട ക്ഷേത്രത്തിനു ആറ്റുകല്ല് എന്ന് വിളിച്ചുപോന്നു. ഇതാണ് ആറ്റുകാൽ എന്ന് പരിണമിച്ചത്.

ഐതിഹ്യം

ആറ്റുകാൽ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടിൽ തറവാട്. അവിടെത്തെ പരമസാത്വി കനായിരുന്ന കാരണവർ ഒരു ദിവസം കിള്ളിയാറ്റിൽ കുളിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ബാലിക വന്ന്‌ ആറിനക്കരെ ഒന്നു എത്തിക്കാമോയെന്നു ചോദിച്ചു. നല്ല ഒഴുക്കുണ്ടെങ്കിലും തന്റെ മുതു കിൽ കയറ്റി ബാലികയെ മറുകരയിൽ കൊണ്ടെത്തിച്ചു. തന്റെ വീട്ടിൽ കൊണ്ടുപോയി ഭക്ഷണം കൊടുത്ത്‌ ബാലികയെ വീട്ടിൽ താമസിപ്പിക്കാമെന്ന്‌ വിചാരിച്ചെങ്കിലും ബാലിക അപ്രത്യക്ഷയായി. അന്ന്‌ രാത്രിയിൽ കാരണവർ കണ്ട സ്വപ്‌നത്തിൽ ആദിപരാശക്തിയായ പ്രപഞ്ചനാഥ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ അരുളി: “നിന്റെ മുന്നിൽ ബാലികാ രൂപത്തിൽ ഞാൻ വന്നപ്പോൾ നീ അറിഞ്ഞില്ല. ഞാൻ അടയാളപ്പെടുത്തുന്ന സ്‌ഥലത്ത്‌ ക്ഷേത്രം പണിത്‌ എന്നെ കുടിയിരുത്തണം. അങ്ങനെയെങ്കിൽ ഈ സ്‌ഥലത്തിന്‌ മേൽക്കുമേൽ അഭിവൃദ്ധിയുണ്ടാകും.” പിറ്റേദിവസം രാവി ലെ കാവിലെത്തിയ കാരണവർ ശൂലത്താൽ അടയാളപ്പെടുത്തിയ മൂന്നു രേഖകൾ കണ്ടു. പിറ്റേന്ന്‌ അവിടെ കോവിലുണ്ടാക്കി ദേവിയെ കുടിയിരുത്തി. കൊടുങ്ങല്ലൂരിൽ വാഴുന്ന സർവേശ്വരിയായ ശ്രീഭദ്രകാളി ആയിരുന്നു ആ ബാലികയെന്നാണ്‌ വിശ്വാസം.

കൂടാതെ സ്‌ത്രീയുടെ പൊങ്കാലസമർപ്പണം തന്റെ ഭർത്താവായ പിനാകിയെ ലഭിക്കാൻ ദാക്ഷായണി നടത്തിയ തപസ്സിനോടും താരതമ്യം ചെയ്യാം. സൂര്യന്‌ അഭിമുഖമായി നിന്ന്‌ സൂര്യതാപം ഏറ്റുകൊണ്ട്‌ വായു മാത്രം ഭക്ഷിച്ച്‌ ഒറ്റക്കാലിൽ പഞ്ചാഗ്നി മധ്യത്തിൽ തപസ് അനുഷ്‌ഠിച്ച ശ്രീപാർവതി തന്റെ അഭീഷ്‌ടസിദ്ധി കൈവരിക്കുന്നതു വരെ ആ നിലയിൽ തുടർന്നുവെന്നാണ്‌ പുരാണങ്ങൾ പറയുന്നത്‌.

വർഷങ്ങൾക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളിൽ “ശൂലം, അസി, ഫലകം, കങ്കാളം” എന്നിവ ധരിച്ച ചതുർബാഹുവായ ശ്രീഭദ്രകാളിയെ വടക്ക് ദർശനമായി പ്രതിഷ്ഠിക്കുകയും ചെയ്തു. ദാരികവധത്തിന് ശേഷം വേതാളപ്പുറത്തിരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ . ദാരികവധത്തിനു ശേഷം ഭക്‌തജനങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്ന കാളിയെ സ്‌ത്രീജനങ്ങൾ പൊങ്കാലനിവേദ്യം നൽകി സ്വീകരിക്കുന്നുവെന്നു കരുതുന്നവരുമുണ്ട്‌. നിരപരാധിയായ സ്വന്തം ഭർത്താവിനെ വധിച്ചതിൽ പ്രതിഷേധിച്ചു മുലപറിച്ചെറിഞ്ഞു തന്റെ നേത്രാഗ്നിയിൽ മധുരാന ഗരത്തെ ചുട്ടെരിച്ച വീരനായിക കണ്ണകി കൊടുങ്ങല്ലൂരമ്മയിൽ ലയിച്ചു എന്നാണ് ഐതിഹ്യം. കണ്ണകിയുടെ വിജയം ആഘോഷിക്കുന്നതിന് സ്‌ത്രീകൾ നിവേദ്യം അർപ്പിക്കുന്നുവെന്നതും ഒരു സങ്കല്‌പമാണ്‌.

അന്നപൂർണേശ്വരിയായ ആറ്റുകാലമ്മയുടെ തിരുമുമ്പിൽ വ്രതശുദ്ധിയോടെ ആഗ്രഹസാഫല്യം കൈവരിക്കാൻ വേണ്ടിയാണ്‌ സ്‌ത്രീകൾ പൊങ്കാലയിടുന്നതെന്നാണ്‌ മറ്റൊരു സങ്കല്‌പം.

ചരിത്രം

ആറ്റുകാലമ്മ പുരാതന ദ്രാവിഡദേവതയായ ഭദ്രകാളിയാണ്. ദ്രാവിഡരാണ്‌ കൂടുതലും അമ്മ ദൈവങ്ങളെ ആരാധിച്ചിരുന്നത്. സിന്ധുനാഗരികത മുതൽ അതിനു തെളിവുകൾ ഉണ്ട്. ഭഗവാനെ മഹാവിഷ്ണുവുമായി ലയിപ്പിച്ചതിനു തുല്യമായി ഇത്തരം അമ്മ ദൈവങ്ങളെ ഭഗവതിയുമാ ക്കിത്തീർക്കുകയും ഈ പുരാതന ദ്രാവിഡ ദേവത പല പല പരിണാമങ്ങളിലൂടെ ഇന്നത്തെ ദേവിയായി ത്തീരുകയും ചെയ്തു. പൊങ്കാലയിടുന്ന സവിശേഷമായ ആചാരം ആദിദ്രാവിഡ ക്ഷേത്രങ്ങളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കൽപ്പത്തി ൽ നിന്നാണ് ശാക്തേയർ പ്രകൃതീശ്വരിയായ കാളിയെ ആരാധിച്ചതെങ്കിലും പിന്നീടത് ഭഗവതിയു ടെ പര്യായമായി തീരുകയായിരുന്നു. ദക്ഷയാഗത്തിലും ദാരികവധത്തിലും പറയുന്ന ശിവ പുത്രിയും, ബാലത്രിപുരയും, സപ്തമാതാക്കളിൽ ചാമുണ്ഡിയും, മഹാകാളിയും, പ്രകൃതിയും, കുണ്ഡലിനീ ശക്തിയുമെല്ലാം ഈ പരാശക്തിയാണ്.

പൊങ്കാല

ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. അന്നപൂർണേശ്വരിയായ ദേവിയുടെ ഇഷ്ടവഴിപാടാണ് പൊങ്കാല. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരും എന്നും വിശ്വസിക്കുന്നു. പൊങ്കാലയ്ക്ക് മുൻപ് ഒരു ദിവസമെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസത്തിൽ രണ്ടുനേരം കുളിച്ച്, മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാൻ. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കൽ മാത്രമേ ആഹാരം കഴിക്കാവൂ. ഇന്ന് അത് മാറി ഒരു നേരം മാത്രമേ അരി ആഹാരം കഴിയ്ക്കാൻ പാടൂള്ളൂ എന്നായിട്ടുണ്ട്. പൊങ്കാലയ്ക്ക് മുൻപ് കഴിവതും ക്ഷേത്രദർശനം ഉണ്ട്, പൊങ്കാല ഇടുവാൻ അനുവാദം ചോദിക്കുന്നതായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. പൊങ്കാല അടുപ്പിന് സമീപം ഗണപതി യ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയി ൽ അവിൽ, മലർ , വെറ്റില, പാക്ക്, പഴം , ശർക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയിൽ വെള്ളം എന്നിവ വയ്കുന്നു. പുതിയ മൺകലത്തിലാണ് പൊങ്കാല ഇടേണ്ടത്. ഇത് കൊണ്ട് അർത്ഥമാക്കുന്നത്; പ്രപഞ്ചത്തിൻറെ പ്രതീകമായ മൺകലം ശരീരമായി സങ്കല്പ്പിച്ച്, അതിൽ അരിയാകുന്ന മനസ്സ് തിളച്ച് അതിൻറെ അഹംബോധം നശിക്കുകയും, ശർക്കരയാകുന്ന പരമാനന്ദത്തിൽ ചേർന്ന് ആത്മസാക്ഷാത്കാരത്തിൻറെ പായസമായി മാറുന്നു എന്നാണ്

ക്ഷേത്രത്തിനു മുൻപിലുള്ള പണ്ഡാര (രാജാവിന്റെ പ്രതീകം) അടുപ്പിൽ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളിൽ തീ കത്തിക്കുകയുള്ളൂ.. പൊങ്കാല അടുപ്പിൽ തീ കത്തിച്ചതിനു ശേഷം മാത്രമേ ജലപാനം പാടുള്ളൂ എന്നുമുണ്ട്. നിവേദ്യം തയ്യാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. അതിനു ശേഷം ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു. ഉണക്കലരിയും തേങ്ങയും ശർക്കരയും പുത്തൻ മൺകലത്തിൽ വെച്ചു തീ പൂട്ടിയാണ് പൊങ്കാല തയ്യാറാക്കുന്നത്. വെറും തറയിൽ അടുപ്പും കൂട്ടി അതിൽ മൺകലം വെച്ച് ശുദ്ധജലത്തിൽ പൊങ്കാലപ്പായസം തയ്യാറാക്കുന്നു. സാധാരണ വഴിപാടായ ശർക്കര പായസത്തിന്‌ പുറമേ ഭദ്രകാളിക്ക് ഏറ്റവും പ്രധാനമായ കടുംപായസം (കഠിനപായസം), വെള്ളച്ചോറ്‌, വെള്ളപ്പായസം, വഴനയിലയിൽ ഉണ്ടാക്കുന്ന തെരളി എന്ന അട, പയറും അരിപ്പൊടിയും ശർക്കരയും ചേർത്തുണ്ടാക്കുന്ന മണ്ടപ്പുട്ട് എന്നിവയും പൊങ്കാലദിനം തയ്യാറാക്കുന്ന നിവേദ്യങ്ങളാണ്‌. വിട്ടുമാറാത്ത തലവേദന, മാരക രോഗങ്ങൾ എന്നിവയുള്ളവർ രോഗശാന്തിക്കായി നടത്തുന്ന വഴിപാടാണ്‌ മണ്ടപ്പുട്ട്‌. അഭീഷ്‌ടസിദ്ധിക്കുള്ളതാണ്‌ വെള്ളച്ചോറ്‌. എന്നാൽ ഭഗവതിക്ക് ഏറ്റവും വിശേഷമായ കടുംപായസം കടുത്ത ദുരിതങ്ങളെ തരണം ചെയ്യാൻ സഹായിക്കുന്നു എന്ന് വിശ്വാസം, അരി, ശർക്കര, തേൻ, പാൽ, പഴം, കൽക്കണ്ടം, അണ്ടിപ്പരിപ്പ്‌, പഞ്ചസാര എന്നിവ ചേർത്തുണ്ടാക്കുന്ന നവരസപ്പായസം സർവൈശ്വര്യങ്ങൾക്കായി പ്രത്യേകം അർപ്പിക്കുന്ന പൊങ്കാലയാണ്‌. അരി, തേങ്ങ, നെയ്യ്‌, ശർക്കര, അണ്ടിപ്പരിപ്പ്‌ എന്നിവ ചേർത്തു തയ്യാറാക്കുന്നതാണ്‌ പഞ്ചസാരപ്പായസം കാര്യസിദ്ധിക്ക് വേണ്ടിയുള്ളതാണ്

പ്രധാന വഴിപാടുകൾ

  • മുഴുക്കാപ്പ്
  • പഞ്ചാമൃതാഭിഷേകം
  • കളഭാഭിഷേകം(സ്വർണ്ണക്കുടത്തിൽ)
  • അഷ്ടദ്രവ്യാഭിഷേകം
  • കലശാഭിഷേകം
  • പന്തിരുനാഴി
  • 101 കലത്തിൽ പൊങ്കാല
  • പുഷ്പാഭിഷേകം
  • ലക്ഷാർച്ചന
  • ഭഗവതിസേവ
  • ഉദയാസ്തമനപൂജ
  • അർദ്ധദിനപൂജ
  • ചുറ്റ് വിളക്ക്
  • ശ്രീബലി
  • സർവ്വൈശ്വര്യപൂജ എല്ലാ പൗർണ്ണമി നാളിലും
  • വെടിവഴിപാട്
  • ശിവന് ധാര
  • ഗണപതിഹോമം

Address: P.O, Attukal – Chiramukku Rd, C Block, Attukal, Manacaud, Thiruvananthapuram, Kerala 695009