ദില്ലി: അതിർത്തികൾ തുറക്കാനുള്ള ഓസ്ട്രേലിയയുടെ തീരുമാനം സ്വാഗതം ചെയത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ . വിദ്യാർത്ഥികൾക്കുൾപ്പടെ ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ ഈ തീരുമാനം സഹായിക്കുമെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. മെൽബണിൽ ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് എസ് ജയശങ്കർ ഇക്കാര്യം അറിയിച്ചത്.
കൊവിഡ് കാലത്ത് അതിർത്തികൾ അടയ്ക്കാൻ ഓസ്ട്രേലിയ തീരുമാനിച്ചിരുന്നു. രണ്ട് കൊല്ലത്തിനിപ്പുറമാണ് നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കുന്നത്. ഓസ്ട്രേലിയയിൽ ഉള്ളവരുടെ കുടുംബാംഗങ്ങൾക്കുൾപ്പടെ ചില ഇളവുകൾ നേരത്തെ നല്‍കിയിരുന്നു. ഈ മാസം 21 മുതൽ ടൂറിസ്റ്റ് വിസയുള്ളവർക്കും പ്രവേശനം നല്കാനാണ് തീരുമാനം. ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ ക്വാഡ് കൂട്ടായ്മയുടെ യോഗത്തിനായി മെൽബണിൽ എത്തിയ എസ് ജയശങ്കർ ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി മറിസ് പൈനുമായി സംസാരിച്ചു. രണ്ട് വാക്സീൻ ഡോസുകൾ സ്വീകരിച്ചവർക്കാണ് ഓസ്ട്രേലിയ പ്രവേശനത്തിന് അനുവാദം നല്‍കിയത്. ഇന്ത്യക്കാരുടെ മടക്കം യോഗത്തിൽ ചർച്ചയായെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ ജയശങ്കർ അറിയിച്ചു.
ചില വിദ്യാർത്ഥികൾ നേരത്തെ മടങ്ങിയിരുന്നു എന്ന് മറിസ് പൈൻ അറിയിച്ചു. നീയന്ത്രണങ്ങൾ നീക്കണമെന്ന് നേരത്തെ ഇന്ത്യ ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടിരുന്നു. ഒരു ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ ഓസ്ട്രേലിയയിലുണ്ടെന്നാണ് കണക്ക്.