ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനു പിന്നാലെ പിന്തുണയുമായി സി.പി.എം. രാഹുൽ ഗാന്ധിയെ ചെയ്ത പോലെ പ്രതിപക്ഷ നേതാക്കളെ അയോഗ്യരാക്കാൻ ബി.ജെ.പി മാനനഷ്ടക്കേസ് ഉപയോഗിക്കുന്നത് അപലപനീയമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ട്വിറ്ററിലാണ് യെച്ചൂരിയുടെ പ്രതികരണം. പ്രതിപക്ഷത്തിനുനേരെ ഇ.ഡിയെയും സി.ബി.ഐയെയും ദുരുപയോഗം ചെയ്യുന്നതിനു മീതെയാണ് ഈ നടപടിയും. ഇത്തരം സ്വേഛാധിപത്യ ആക്രമണങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമർച്ച ചെയ്യുന്നത് ഫാസിസ്റ്റ് രീതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. സ്വാഭിപ്രായം തുറന്നുപറയുന്ന സാധാരണ ജനങ്ങൾക്ക് ഇവിടെ എന്ത് രക്ഷയാണുള്ളത്? രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടായ നടപടി വിമർശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുതയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.