അയോദ്ധ്യ രാമ ക്ഷേത്രം : 15 ദിവസത്തിനുള്ളില്‍ നിര്‍മ്മാണ തീയതി പ്രഖ്യാപിക്കും

0 107

 

 

ന്യൂഡല്‍ഹി : അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള തീയതി 15 ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ക്ഷേത്ര നിര്‍മ്മാണത്തിനായി കേന്ദ്ര മന്ത്രിസഭ രൂപീകരിച്ച രാമ ക്ഷേത്ര ട്രസ്റ്റ്.

ഡല്‍ഹിയിലെ ട്രസ്റ്റ് ഓഫീസില്‍ ചേര്‍ന്ന ആദ്യ യോഗത്തിലാണ് തീരുമാനം.

ട്രസ്റ്റിന്റെ അദ്ധ്യക്ഷനായി രാമജന്മഭൂമി ന്യാസിന്റെ മഹന്ത് നൃത്യ ഗോപാല്‍ ദാസിനെ തിരഞ്ഞെടുത്തു. ചമ്ബത്ത് റായിയെ ജനറല്‍ സെക്രട്ടറിയായും ഗോവിന്ദ് ഗിരിയെ ട്രഷററായും നിയോഗിച്ചു. 15 ദിവസത്തിന് ശേഷം ട്രസ്റ്റ് അംഗങ്ങള്‍ അയോദ്ധ്യയില്‍ യോഗം ചേരുമെന്നും അന്ന് ക്ഷേത്ര നിര്‍മ്മാണ തീയതി പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

ഗ്രേറ്റര്‍ കൈലാഷില്‍ മുഖ്യട്രസ്റ്റി കെ. പരാശരന്റെ വസതിയില്‍ വൈകിട്ട് അഞ്ച് മണിയോടെ ആരംഭിച്ച യോഗം രാത്രി എട്ടോടെയാണ് അവസാനിച്ചത്. നിര്‍മാണം തുടങ്ങുന്ന തീയതി, ഫണ്ട് ശേഖരണം, ട്രസ്റ്റില്‍ പുതിയ അംഗങ്ങളുടെ നിയമനം, രാമജന്മഭൂമി ന്യാസിന്റെ സ്വത്ത് ഏറ്റെടുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. സംഭാവനകള്‍ സ്വീകരിക്കുന്നതിന് അയോദ്ധ്യയിലെ സ്റ്റേറ്റ് ബാങ്കില്‍ അക്കൗണ്ട് തുറക്കും.

കെ.പരാശരന്‍ (മുഖ്യ ട്രസ്റ്റി), പുരോഹിതന്മാരായ ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വ പ്രസന്ന തീര്‍ത്ഥ, പ്രയാഗ്രാജ് ജ്യോതിഷ് ശങ്കരാചാര്യ പീഠാദ്ധ്യക്ഷന്‍ വാസുദേവാനന്ദ് സരസ്വതി, സ്വാമി ഗോവിന്ദ് ദേവ് ഗിരി (പുണെ), സ്വാമി പരമാനന്ദ് (ഹരിദ്വാര്‍), അയോദ്ധ്യ രാജകുടുംബാംഗം വിമലേന്ദു മോഹന്‍ പ്രതാപ് മിശ്ര, ഡോ. അനില്‍ മിശ്ര, കമലേശ്വര്‍ ചൗപാല്‍, നിര്‍മോഹി അഖാഡ പ്രതിനിധി മഹന്ത് ധീരേന്ദ്ര ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.