സാധനങ്ങള്‍ എത്തിക്കാനാവുന്നില്ല, പാക്ക് ചെയ്യാന്‍ ആള്‍ക്ഷാമവും; സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം വൈകും

0 2,288

 

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും നല്‍കുമെന്നറിയിച്ച ഭക്ഷ്യധാന്യക്കിറ്റിന്റെ വിതരണം വൈകും. സംസ്ഥാനത്തിനു പുറത്തുനിന്ന് ലഭ്യമാക്കേണ്ട സാധനങ്ങള്‍ എത്തിക്കാനാവാത്തതാണ് കിറ്റ് വിതരണം വൈകാന്‍ കാരണം. സാധനങ്ങള്‍ പാക്ക് ചെയ്യാനുള്ള ആള്‍ക്ഷാമവും മറ്റൊരു കാരണമാണ്.

എല്ലാവര്‍ക്കും ഏപ്രില്‍ ആദ്യവാരം തന്നെ കിറ്റ് നല്‍കാനായിരുന്നു തീരുമാനം. നിലവില്‍ ലഭ്യമായ സാധനങ്ങള്‍ കിറ്റിലാക്കിത്തുടങ്ങിയെന്നും അടുത്തയാഴ്ചയോടെ കിറ്റ് വിതരണം നടത്താനാകുമെന്നും മന്ത്രി പി തിലോത്തമന്‍ പറഞ്ഞു.

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് 1000 രൂപയുടെ ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും അടങ്ങുന്ന കിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. 16 ഇനങ്ങളടങ്ങിയ കിറ്റാണ് വിതരണം ചെയ്യുക. പഞ്ചസാര (ഒരുകിലോ), ചായപ്പൊടി (250 ഗ്രാം), ഉപ്പ് (ഒരുകിലോ), ചെറുപയര്‍ (ഒരുകിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ (അരലിറ്റര്‍), ആട്ട (രണ്ടുകിലോ), റവ (ഒരുകിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), പരിപ്പ് (250 ഗ്രാം), മഞ്ഞള്‍പ്പൊടി (100 ഗ്രാം), ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് (രണ്ടെണ്ണം), സണ്‍ ഫ്ളവര്‍ ഓയില്‍ (ഒരുലിറ്റര്‍), ഉഴുന്ന് (ഒരുകിലോ), എന്നിവയാണ് കിറ്റില്‍ അടങ്ങിയിട്ടുള്ളത്.

750 കോടിയോളം രൂപ ചിലവ് പ്രതീക്ഷിക്കുന്ന കിറ്റ് വിതരണത്തിന് 350 കോടി കഴിഞ്ഞദിവസം സര്‍ക്കാര്‍ അനുവദിച്ചു.