ബെംഗളൂരു- പെരിന്തല്‍മണ്ണ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു: അപകടം മൈസൂരുവില്‍!! മറിഞ്ഞത് കല്ലട ബസ് …

0 326

 


മൈസൂരു: കര്‍ണാടകത്തില്‍ കേരളത്തിലേക്കുള്ള സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന സ്ത്രീയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ മൈസുരു പോലീസ് ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബെംഗളൂരുവില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോയ കല്ലടയുടെ വോള്‍വോ ബസാണ് മൈസൂരുവിലെ ഹുന്‍സൂരുവില്‍ വെച്ച്‌ അപകടത്തില്‍പ്പെട്ടത്. യാത്രാ മധ്യേ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച്‌ മറിഞ്ഞെന്നാണ് വിവരം. 20 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
പാലത്തിലൂടെ സ‍ഞ്ചരിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലടിച്ച്‌ മറിയുകയായിരുന്നു. അതേസമയം ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്നും ആരോപണമുയരുന്നു. യാത്രക്കാര്‍ ഇടപെട്ട് ഡ്രൈവറോട് ബസിന്റെ വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും വിവരമുണ്ട്. തമിഴ്നാട്ടിലെ അവിനാശിയില്‍ വെച്ച്‌ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ 19 മലയാളികള്‍ മരിച്ച്‌ മണിക്കൂറുകള്‍ക്കകമാണ് കേരളത്തിലേക്ക് പുറപ്പെട്ട മറ്റൊരു ബസ് കൂടി അപകടത്തില്‍പ്പെടുന്നത്.

തമിഴ്നാട്ടിലെ തിരുപ്പൂരിനടുത്ത അവിനാശിയില്‍ കഴിഞ്ഞ ദിവസം കണ്ടെയ്നര്‍ ലോറി കെഎസ്‌ആര്‍ടിസി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ മരിച്ചിരുന്നു. ഫെബ്രുവരി 20ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് പോയ ബസ് അപകടത്തില്‍പ്പെടുന്നത്. കൊച്ചിയില്‍ നിന്ന് ടൈലുമായി തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ പാലക്കാട് സ്വദേശിയായ ലോറി ഡ്രൈവര്‍ പിന്നീട് പോലീസില്‍ കീഴടങ്ങിയിരുന്നു. ഇയാള്‍ക്ക് മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.