ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് 21 ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനിടെ, ബാങ്ക് ശാഖകള്‍ അടച്ചിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. ബാങ്ക് ശാഖകള്‍ അടച്ചിടാന്‍ പോകുന്നു എന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നും ഇത് വിശ്വസിക്കരുതെന്നും കേന്ദ്ര ധനകാര്യമന്ത്രാലയം അറിയിച്ചു.
ബാങ്കുകളുടെ ശാഖകള്‍ ലോക്ക്ഡൗണ്‍ സമയത്തും സേവനം ചെയ്യാന്‍ ബാധ്യസ്ഥരാണെന്നും ഡിപാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസ് വ്യക്തമാക്കി. കോവിഡ് ബാധയില്‍ നിന്ന് രക്ഷനേടാന്‍ ബാങ്കുകള്‍ ശാഖകള്‍ ഏറെയും അടച്ചിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയത്.