മകളുടെ വിവാഹത്തിനെടുത്ത ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങി; ആലപ്പുഴയില്‍ കയര്‍ തൊഴിലാളി തൂങ്ങി മരിച്ചു

0 311

ആലപ്പുഴ കഞ്ഞിക്കുഴിയില്‍ കയര്‍ ഫാക്ടറി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കഞ്ഞിക്കുഴി കുഞ്ഞാറുവെളി ശശി ആണ് മരിച്ചത്. 54 വയസായിരുന്നു. മകളുടെ വിവാഹത്തിനെടുത്ത ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരുന്നു. ബാങ്ക് ജീവനക്കാരന്‍ ഇന്നലെ ശശിയുടെ വീട്ടിലെത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ എന്ന് സംശയമുണ്ട്. (coir laborer suicide alappuzha kanjikkuzhi)

മകളുടെ വിവാഹാവശ്യത്തിനായാണ് ശശി അഞ്ച് ലക്ഷം രൂപ സ്വകാര്യ ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. കഴിഞ്ഞ മൂന്ന് മാസമായി പലിശ ഉള്‍പ്പെടെ ഇദ്ദേഹത്തിന് തിരികെ നല്‍കാന്‍ സാധിച്ചിരുന്നില്ല. പണം ഉടന്‍ തിരികെ നല്‍കണമെന്നും ഇല്ലെങ്കില്‍ തുടര്‍ നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി കഴിഞ്ഞ ദിവസം ശശിയോട് പറഞ്ഞിരുന്നു.

കയര്‍ ഫാക്ടറി തൊഴിലാളിയായ ശശിയ്ക്ക് മാസങ്ങളായി കൂലി ലഭിക്കുന്നില്ലെന്ന ആരോപണവും ഇതോടൊപ്പം ഉയര്‍ന്നിട്ടുണ്ട്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.