സഹ. ബാങ്കുകള്‍ വീട്ടിലേക്ക്‌ മരുന്നുകളുമായെത്തുന്നു

0 550

 

പയ്യന്നൂര്‍: കൊറോണ വ്യാപന സാഹചര്യത്തില്‍ ജനങ്ങളോടുള്ള കരുതലും ഉത്തരവാദിത്വവും പ്രകടിപ്പിച്ച്‌ പയ്യന്നൂരിലെ വിവിധ സഹകരണ ബാങ്കുകള്‍ മരുന്നുമായി വീട്ടിലെത്തുന്നു.

ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ സാധിക്കാതെ വിഷമിക്കുന്ന പൊതുജനങ്ങളെ സഹായിക്കാനാണ് സഹകരണ ബാങ്കുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ഹോം ഡെലിവറിയുമായി രംഗതെത്തിയത്. പയ്യന്നൂരില്‍ മരുന്നുകളുടെ ഹോം ഡെലിവറിക്ക് തുടക്കമിട്ടത് പയ്യന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കാണ്.

പയ്യന്നൂര്‍ റൂറല്‍ ബാങ്കും പയ്യന്നൂര്‍ കോ ഓപ്പറേറ്റീവ് സ്റ്റോറും വെള്ളൂര്‍ ബാങ്കും മരുന്ന് വീട്ടിലെത്തിച്ച്‌ ജനങ്ങള്‍ക്ക് സഹായകമാകുന്ന പ്രവര്‍ത്തനം തുടങ്ങി. ബാങ്ക് ജീവനക്കാരുടെ ഫോണ്‍നമ്ബര്‍ ജനങ്ങളിലേക്ക് എത്തിച്ച്‌ ആവശ്യക്കാര്‍ക്ക് വേണ്ട മരുന്ന് വീട്ടിലെത്തിക്കുകയാണ് ചെയ്യുന്നത്. ബാങ്കിന്റെ പ്രവര്‍ത്തന പരിധിയിലുള്ളവര്‍ക്കാണ് മരുന്നുകള്‍ ലഭിക്കുന്നത്.

ഡോക്ടറുടെ കുറിപ്പ് വാട്സാപ്പ് വഴി അയക്കുകയും മരുന്നുകള്‍ നല്കാന്‍ വീട്ടിലെത്തുമ്ബോള്‍ ഫാര്‍മസിസ്റ്റിനെ കാണിക്കുകയും ചെയ്താല്‍ മാത്രമേ മരുന്ന് കൊടുക്കുകയുള്ളൂ. ഹോം ഡെലിവറിയായി ലഭിക്കുന്ന മരുന്നിന് ബില്‍ തുക മാത്രമാണ് ഈടാക്കുന്നത്.

നിരീക്ഷണത്തില്‍ കഴിയുന്ന വീടുകളില്‍ മരുന്നുകള്‍ എത്തിക്കുന്നതിന് കൂടുതല്‍ മുന്‍കരുതല്‍ എടുക്കുന്നുണ്ട്. ബാങ്ക് നീതി മെഡിക്കല്‍സ് ജീവനക്കാര്‍ മാസ്കും ഗ്ലൗസും ധരിച്ച്‌ സാമൂഹിക അകലം പാലിച്ചാണ് മരുന്നുകള്‍ വിതരണം ചെയ്യുന്നതെന്ന് പയ്യന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ അഡ്വ. ശശി വട്ടക്കൊവ്വല്‍ പറഞ്ഞു.