കൊയിലാണ്ടിയില്‍ ആത്മഹത്യ ചെയ്ത യുവതിക്ക് ഒരു കോടിയോളം രൂപയുടെ ബാങ്ക് ഇടപാട്: ഞെട്ടി വീട്ടുകാർ, ദുരൂഹത

0 2,174

കോഴിക്കോട്: കൊയിലാണ്ടിയിൽ ആത്മഹത്യ ചെയ്ത യുവതി ഒരു കോടിയോളം രൂപയുടെ ബാങ്ക് ഇടപാട് നടത്തിയതായി പൊലീസ്. സംഭവം അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. ഡിസംബർ 12-ന് ആണ് കൊയിലാണ്ടിയിലെ മലയിൽ ബിജിഷയെ  വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആത്മഹത്യ ചെയ്യാൻ കാര്യമായ പ്രശ്നങ്ങളൊന്നും കണ്ടെത്താൻ അന്ന് കഴിഞ്ഞിരുന്നില്ല.

ആത്മഹത്യ ചെയ്യാന്‍ മാത്രം ഒരു പ്രശ്‌നവും ഇല്ലാഞ്ഞിട്ടും ബിജിഷ ജീവനൊടുക്കിയത് എല്ലാവരെയും നടുക്കിയിരുന്നു.   ബിജിഷയുടെ മരണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴാണ്  രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി ഒരു കോടിയോളം രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ്  കണ്ടെത്തിയത്. യു.പി.ഐ ആപ്പുകൾ വഴിയാണ് പണമിടപാടുകളെല്ലാം നടത്തിയത്.

ഇത്രയും രൂപയുടെ ഇടപാട്  നടത്തിയത് എന്തിനാന്നോ ആർക്ക് വേണ്ടിയാണെന്നോ വീട്ടിലുള്ളവർക്കോ സുഹൃത്തുകൾക്കോ ഒന്നുമറിയില്ല എന്നതാണ് പോലീസ് പറയുന്നത്.  ബിജിഷയുടെ വിവാഹത്തിന് വേണ്ടി കരുതി വെച്ചിരുന്ന 35 പവൻ സ്വർണവും വീട്ടുകാർ അറിയാതെ അവൾ ബാങ്കിൽ പണയം വെച്ച് പണം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ഇത്രെയും പണം എന്തിന് ചെലവഴിച്ചതെന്നും അർക്കുമറിയില്ല.

ഒരു കോടിയോളം രൂപയുടെ ഇടപാട് നടത്തിയിട്ടും ആരും ബിജിഷയുടെ മരണ ശേഷം പണം ആവശ്യപ്പെട്ട് വീട്ടിലേക്ക് വരികയോ  ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നുമാണ് വീട്ടുകാർ പറയുന്നത്.  ബിജിഷയ്ക്ക് സംഭവിച്ച കാര്യത്തിൽ  ദുരൂഹമാണെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിന്റെ  സത്യാവസ്ഥ പുറത്ത് കൊണ്ടു വരണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചിരിക്കുകയാണ്.

പണത്തിന്‍റെ ഇടപാടുകളെല്ലാം ഗൂഗിൾ പേ പോലുള്ള യു.പി.ഐ ആപ്പുകൾ വഴിയാണെന്നാണ് പൊലീസ് പറയുന്നത്.. പണം കടം ചോദിച്ചവരോട് ആപ്പ് വഴി തന്നാൽ മതിയെന്ന് പ്രത്യേകം പറഞ്ഞിരുന്നതായും പോലീസിന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിൽ ജോലി ചെയ്ത് വരികയായിരുന്നു ബി.എഡ് ബിരുദധാരിയായ ബിജിഷ.

ഡിസംബർ 12 ന് പതിവ് പോലെ ജോലിക്ക് പോയ ബിജിഷ തിരിച്ച് വന്ന ശേഷമാണ് കൊയിലാണ്ടിയിലെ വീട്ടിൽ തൂങ്ങി മരിക്കുന്നത്. യു.പി.ഐ ആപ്പുകൾ വഴി പണമിടപാട് നടത്തിയതിന്റെ തെളിവുകളെല്ലാം നശിപ്പിക്കാനുള്ള ശ്രമവും ബിജിഷ നടത്തിയിരുന്നുവെന്നും  ഇതിൽ ദുരൂഹത തോന്നിയതിനെ തുടർന്ന്‌ ബാങ്കിലെത്തിയാണ് പണമിടപാടിന്റെ വിവരങ്ങൾ ശേഖരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.