ബാങ്കിങ് നിയമഭേദഗതി ലോക്‌സഭയില്‍; സഹകരണബാങ്കുകള്‍ റിസര്‍വ് ബാങ്കിനു കീഴിലേക്ക്

0 135

 

ന്യൂഡല്‍ഹി: സഹകരണബാങ്കുകള്‍ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കുന്നതിനുള്ള ബാങ്കിങ് നിയന്ത്രണഭേദഗതിബില്‍ ചൊവ്വാഴ്ച ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കാലഘട്ടത്തിന്റെ ആവശ്യമാണിതെന്നും പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ (പി.എം.സി.) ബാങ്കിലെ പ്രതിസന്ധിപോലുള്ള പ്രശ്നങ്ങള്‍ തടയാന്‍ നിയമം ഉപകരിക്കുമെന്നും ബില്‍ അവതരിപ്പിക്കവേ മന്ത്രി പറഞ്ഞു.

ബില്‍ പാസായാല്‍ രാജ്യത്തെ 1540 സഹകരണ ബാങ്കുകള്‍ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാവും. റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ക്കനുസൃതമായാവും ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയെങ്കിലും ഭരണച്ചുമതല സഹകരണ രജിസ്ട്രാര്‍ക്കുതന്നെയാവും. എങ്കിലും സഹകരണബാങ്കുകളുടെ ഭരണസമിതി പിരിച്ചുവിടണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ റിസര്‍വ് ബാങ്കിനോട് ആലോചിക്കണമെന്നതാണ് ഭേദഗതിയിലെ സുപ്രധാന വ്യവസ്ഥ.

പ്രാഥമിക കാര്‍ഷിക വായ്പസംഘങ്ങള്‍, കാര്‍ഷിക വികസനം പ്രധാന ദൗത്യമായിട്ടുള്ള സഹകരണ സംഘങ്ങള്‍ എന്നിവയെ റിസര്‍വ് ബാങ്ക് നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പക്ഷേ, അവയ്ക്ക് ബാങ്ക് എന്ന പേര് ഉപയോഗിക്കാന്‍ അനുമതിയില്ല. ചെറുകിട നിക്ഷേപകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സഹകരണബാങ്കുകളില്‍ കൂടുതല്‍ പ്രൊഫഷണലിസവും മെച്ചപ്പെട്ട നിയന്ത്രണസംവിധാനങ്ങളും കൊണ്ടുവരുന്നതിനുമാണ് ബില്ലെന്ന് മന്ത്രി പറഞ്ഞു.

നിയന്ത്രണം വരുന്നതോടെ വായ്പയുടെയും നിക്ഷേപത്തിന്റെയും പലിശ റിസര്‍വ് ബാങ്കാവും തീരുമാനിക്കുക. വ്യക്തികള്‍ക്കു കൊടുക്കാവുന്ന പരമാവധി വായ്പ, പുതിയ ശാഖകള്‍ തുടങ്ങല്‍, ബാങ്കിതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ചെലവഴിക്കല്‍ എന്നീ കാര്യങ്ങളും റിസര്‍വ് ബാങ്ക് നിശ്ചയിക്കും. അതേസമയം, മെച്ചപ്പെട്ട സേവനത്തിനുള്ള അടിസ്ഥാന സൗകര്യമൊരുക്കാനും മൂലധന സമാഹരണത്തിനും ഇതു വഴിയൊരുക്കും.

ബില്‍ നിയമമായാല്‍ കേരളത്തിലെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 60 അര്‍ബന്‍ ബാങ്കുകളുടെയും 13,000-ത്തോളം സഹകരണ സൊസൈറ്റികളുടെയും പ്രവര്‍ത്തനത്തെ ഇതു ബാധിക്കും. പ്രാഥമിക കാര്‍ഷിക വായ്പസംഘങ്ങളാണ് പ്രാഥമിക സഹകരണബാങ്കുകളായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. സഹകരണ സൊസൈറ്റികളും ബാങ്ക് എന്ന ബോര്‍ഡ് വെച്ചാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്ക് എന്ന പദം ഉപയോഗിക്കരുതെന്ന് കാലങ്ങളായി റിസര്‍വ് ബാങ്ക് ആവശ്യപ്പെടുന്നുണ്ടെങ്കിലും സംഘങ്ങള്‍ അനുസരിച്ചിരുന്നില്ല.

നിയമം പ്രാബല്യത്തിലാവുന്നതോടെ ബാങ്ക് എന്ന പേരുപയോഗിക്കുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം റിസര്‍വ് ബാങ്കിനു തടയാനാവും. അര്‍ബന്‍ ബാങ്കുകളില്‍ സഹകരണ വകുപ്പിന്റെ ഓഡിറ്റിങ്ങിനു പകരം റിസര്‍വ് ബാങ്കിന്റെ ഓഡിറ്റും വരും.

Get real time updates directly on you device, subscribe now.