കൊവിഡ് നിർദേശങ്ങൾ മറികടന്ന് ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പ്;രണ്ട് അഭിഭാഷകർക്ക് കൊവിഡ്
പത്തനംതിട്ടയിൽ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പങ്കെടുത്ത രണ്ട് അഭിഭാഷകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പിന്റെയും ഇന്റലിൻസിന്റേയും നിർദേശങ്ങൾ മറികടന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
ജില്ലയിലെ പകുതിയിലധികം അഭിഭാഷകരും ഇതോടെ നിരീക്ഷണത്തിലായി. സെപ്റ്റംബർ 29 ന് നടന്ന തെരഞ്ഞെടുപ്പിൽ 332 അഭിഭാഷകർ പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമുള്ള ആഹ്ളാദപ്രകടനത്തിലടക്കം പങ്കെടുത്തവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
പത്തനംതിട്ട ബാർ അസോസിയേഷനിൽ തെരഞ്ഞെടുപ്പ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ട പത്തനംതിട്ട ഡിഎംഒ ഇതു വിലക്കിയിരുന്നു. അടുത്ത ആറ് ആഴ്ച കാലത്തേക്ക് തെരഞ്ഞെടുപ്പ് നടത്തരുതെന്നായിരുന്നു ഡിഎംഒ ബാർ അസോസിയേഷന് നൽകിയ നിർദേശം. ഇതു മറികടന്നാണ് അഭിഭാഷകർ തെരഞ്ഞെടുപ്പ് നടത്തി കുടുങ്ങിയത്. അഭിഭാഷകർ കൂട്ടത്തോടെ നിരീക്ഷണത്തിൽ പോയതോടെ പത്തനംതിട്ട ജില്ലയിൽ കോടതിയുടെ പ്രവർത്തനം മുടങ്ങിയേക്കും.