ബഹ്റൈനിൽ കോവിഡ്-19 സ്ഥിരീകരിച്ച പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർധന
ബഹ്റൈനിൽ കോവിഡ്-19 സ്ഥിരീകരിച്ച പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർധന. തിങ്കളാഴ്ച മാത്രം 206 പ്രവാസി തൊഴിലാളികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധ കണ്ടെത്തിയ പ്രവാസികളുടെ എണ്ണം 613 ആയി. പ്രവാസി തൊഴിലാളികൾ ഉൾപ്പെടെ 225 പേർക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇവരിൽ ആറുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച ശേഷം ഒരുദിവസത്തെ ഏറ്റവും ഉയർന്ന രോഗബാധയാണ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളിൽ സൽമാബാദ്, ഹിദ്ദ്, അൽബ, സിത്ര തുടങ്ങിയ മേഖലകളിലെ ലേബർ ക്യാമ്പുകളിൽ ആരോഗ്യമന്ത്രാലയത്തിെൻറ മെഡിക്കൽ സംഘം പരിശോധന നടത്തിയിരുന്നു. ഇവിടങ്ങളിൽ നിരവധി പേർക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്കൊപ്പമുണ്ടായിരുന്നവരെ പ്രത്യേക സമ്പർക്കവിലക്ക് കേന്ദ്രത്തിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. തൊഴിലാളികൾ പുറത്തുപോയിട്ടില്ലെന്നും പ്രവാസികൾക്കിടയിൽ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്.ആരോഗ്യമന്ത്രാലയം ഒടുവിൽ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 135 ഇന്ത്യക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ ആറു പേരാണ് സുഖം പ്രാപിച്ചത്.