ബഹറിനില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിച്ചു

0 149

ബഹറിനില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിച്ചു

കൊച്ചി: ബഹറിനിലെ മനാമ വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളെ തിരിച്ച്‌ കൊച്ചിയിലെത്തിച്ചു. നെടുമ്ബാശ്ശേരിയില്‍ നിന്ന് ബഹറിന്‍ വഴി സൗദിയിലേക്ക് പുറപ്പെട്ടവരായിരുന്നു ബഹറിനില്‍ കുടുങ്ങിയത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് സൗദി അറേബ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇരുന്നൂറോളം യാത്രക്കാരാണ് ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്.

ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാന്‍, ലബനന്‍, നേപ്പാല്‍, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ്, ദക്ഷിണ കൊറി, ശ്രീലങ്ക, സിറിയ, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ താത്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്.
ഖത്തറില്‍ താമസ വിസയുള്ളവര്‍, വിസിറ്റ് വിസക്കാര്‍, വര്‍ക്ക് പെര്‍മിറ്റ്, താത്കാലിക വിസക്കാര്‍ എന്നിവര്‍ക്കെല്ലാം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്തറില്‍ പ്രവേശിക്കാന്‍ കഴിയില്ല. അവധിക്ക് നാട്ടിലെത്തിയ പതിനായിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രവേശന വിലക്ക് തിരിച്ചടിയാവും. അതിനിടെ ഇന്ത്യയില്‍ നിന്നുളള യാത്രക്കാര്‍ക്ക് ഖത്തര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ ദോഹയിലേക്കുളള സര്‍വീസ് തത്കാലം നിര്‍ത്തിവെയ്ക്കാന്‍ ഇന്‍ഡിഗോ തീരുമാനിച്ചു.

അതേസമയം, ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിന് വ്യോമസേനയുടെ വിമാനം ഇന്ന് പുറപ്പെടും. വ്യോമസേനയുടെ സി17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തെ അയക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച്‌ 12 മുതല്‍ മാര്‍ച്ച്‌ 31 വരെയുളള എല്ലാ പുതിയ ബുക്കിംഗുകള്‍ക്കും സൗജന്യമായി യാത്രാ തീയതി മാറ്റാമെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചു.ഏപ്രില്‍ 30 വരെയുളള യാത്രകള്‍ക്കാണ് ഇത് ബാധകം. ബുക്ക് ചെയ്ത തീയതിക്ക് മൂന്ന് ദിവസം മുന്‍പ് വരെ യാത്രാ തീയതി മാറ്റാനാണ് അനുവദിച്ചിരിക്കുന്നത്.

Get real time updates directly on you device, subscribe now.