ബെംഗളൂരു – മംഗളൂരു ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ 13 പേര്‍ മരിച്ചു

0 329

 

മംഗളൂരു: ബെംഗളൂരു- മംഗളൂരു ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ 12 വയസുള്ള കുട്ടിയുള്‍പ്പെടെ 13 പേര്‍ മരിച്ചു. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തുമകുരു ജില്ലയിലെ കുനിഗല്‍ എന്ന സ്ഥലത്തിന് സമീപമാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്.

അമിത വേഗത്തിലെത്തിയ ടവേര കാര്‍ എതിര്‍ദിശയില്‍ വരുകയായിരുന്ന ബ്രെസ കാറില്‍ ഇടിച്ചുകയറുകയായിരുന്നുവെന്നാണ്‌ വിവരം. ഹാസനില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു ടവേര കാറിലെ യാത്രക്കാര്‍. ബെംഗളൂരുവില്‍ നിന്ന് ഹാസനിലേക്ക് വരുകയായിരുന്നു ബ്രെസ കാറിലുണ്ടായിരുന്നവര്‍.

ടവേരയിലുണ്ടായിരുന്ന മൂന്നുപേരും ബ്രെസ കാറിലുണ്ടായിരുന്ന 10പേരുമാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചുവെന്നാണ് കരുതുന്നത്. മരിച്ചവര്‍ ബെംഗളൂരു, ഹൊസൂര്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഉള്ളവരാണ്.

പരിക്കേറ്റവരെ ബെംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം രണ്ടുമണിക്കൂറോളം സ്തംഭിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.