ആറളം ഫാമിൽ നടത്തിയ കരനെൽ കൃഷിയിൽ മികച്ച വിളവ്
ഇരിട്ടി: ആറളം ഫാമിൽ നടത്തിയ കരനെൽ കൃഷിയിൽ മികച്ച വിളവ്. ആനയും, പന്നിയും മാനുമടക്കമുള്ള കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങൾക്കെതിരെ ഏറുമാടം കെട്ടി 24 മണിക്കൂറും കനത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയായിരുന്നു കൃഷി . രണ്ടേക്കറിൽ നടത്തിയ കൃഷിക്ക് ഉമ ഇനം വിത്താണ് ഉപയോഗിച്ചത്.
9 -ാം ബ്ലോക്കിൽ നടന്ന കൊയ്ത്ത് ഉത്സവം ഫാം മാനേജിംങ്ങ് ഡയറക്ടർ എസ്. ബിമൽഘോഷ് ഉദ്ഘാടനം ചെയ്തു. സെക്യൂരിറ്റി ഓഫീസർ ആർ.ശ്രീകുമാർ, സൂപ്രണ്ട് മോഹൻദാസ് , ശശിധരൻ എന്നിവർ പ്രസംഗിച്ചു.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 9 വികസന പദ്ധതികളും ഫാമിൽ ഊർജിതമായി നടന്നുവരുന്നുണ്ട്. ആദിവാസി പുനരധിവാസ മേഖലയിലെ അടക്കം ആറളം പഞ്ചായത്തിലെ 4000 തൊഴിലാളികൾക്ക് 200 തൊഴിൽദിനങ്ങൾ ഉറപ്പാക്കുന്ന വൻപദ്ധതികളാണ് ഇത് . തൊഴിലുറപ്പു പദ്ധതിയുടെ സാദ്ധ്യതകൾ ഉപയോഗ പ്പെടുത്തുന്നതിലൂടെ നഷ്ടത്തിലായ ഫാമിന് ഇത് കൂടുതൽ ഊർജ്ജം നൽകുകയാണ് ചെയ്യുന്നത്. കരാർ വഴി നടപ്പാക്കിയിരുന്ന ഈ പദ്ധതികൾ തൊഴിലുറപ്പിൽ ഉൾപ്പെടുത്തിയതിലൂടെ പരിപാലന ചെലവ് ഇനത്തിൽ മാത്രം അര കോടി രൂപ ലാഭം ലാഭിക്കാനാകും .
പതിനേഴ് ധാന്യപ്പുരകളുടെ നിർമാണം, ഒൻപത് ചെക്ക് ഡാമുകളുടെ അറ്റകുറ്റപ്പണി, ഒന്പത് എർത്തൻ ടാങ്കുകളുടെ അറ്റകുറ്റപ്പണി, കൃഷിയിടത്തിൽ മണ്ണ്, ജലസംരക്ഷണം, 54.5 കിലോമീറ്റർ റോഡുകളുടെ നവീകരണം, റോഡ് കോൺക്രീറ്റിംങ്ങ്, 24 കിലോമീറ്റർ നീർച്ചാൽ തെളിക്കൽ, 1 ലക്ഷം തൈകൾക്ക് കൂട നിറക്കൽ, 150 ഹെക്ടർ റബർ തോട്ടത്തിൽ നീർക്കുഴി എടുക്കൽ, നടീൽ നേഴ്‌സറിയുടെ നവീകരണം, മാതൃതോട്ടം വച്ചുപിടിപ്പിക്കൽ എന്നിവയാണ് തൊഴിലുറപ്പിൽ ഉൾപ്പെടുത്തി ഇപ്പോൾ പൂർത്തീകരിച്ചു വരുന്ന പദ്ധതികൾ.